വടകര: ദേശീയപാതയിൽ ബ്ലോക്ക് ഓഫിസിനും മുക്കാളിക്കും ഇടയിൽ വാഹനാപകടം പെരുകി വരുന്ന സ്ഥലത്ത് ഇന്നലെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം പ്രദേശവാസികൾക്ക് ഞെട്ടലായി. കുറച്ചു നാൾ മുൻപ് 2 ബസുകൾ കൂട്ടിയിടിച്ചും ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചും റോഡ് മുറിച്ചു കടക്കുമ്പോൾ കാൽനട യാത്രക്കാരെ വാഹനം ഇടിച്ചുമുള്ള അപകടങ്ങളുണ്ടായിരുന്നു.
ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം മുടങ്ങി. കാർ ഓടിച്ചിരുന്ന ജൂബിയെ പുറത്തെടുക്കാൻ ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിക്കേണ്ടി വന്നു. അപ്പോഴേക്കും മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഷിജിൽ കാറിൽ നിന്ന് തെറിച്ചു വീണ് സമീപത്തെ കോൺക്രീറ്റ് റോഡിൽ തലയിടിച്ചാണു തൽക്ഷണം മരിച്ചത്.ഫയർ സ്റ്റേഷൻ ഓഫിസർ ടി.ഷിജേഷിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ ടി.പി.ഷിജു, വി.ലികേഷ്, സി.കെ.അർജുൻ, കെ.എം.വിജീഷ്, ഐ.ബിനീഷ്, പി.കെ.ജയ്സൽ, സി.ഹരിഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.