എറണാകുളം ജില്ലയിൽ ആദ്യമായി അപൂർവരോഗമായ ‘ലൈം രോഗം’ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ‘ബൊറേലിയ ബർഗ്ഡോർഫെറി’ എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. കടുത്ത പനിയും തലവേദനയും കാൽമുട്ടിൽ നീരുമായെത്തിയ രോഗിയെ കഴിഞ്ഞ ഡിസംബർ ആറിനാണ് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപസ്മാരത്തിന്‍റെ ചില ലക്ഷണങ്ങള്‍ വരെ പ്രകടിപ്പിച്ചതോടെ രോഗിയുടെ നട്ടെല്ലിൽനിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് കണ്ടെത്തിയത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയും തുടര്‍ന്ന് ഡിസംബർ 26-ന് രോഗം ആശുപത്രി വിടുകയും ചെയ്തു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് അവിടെ രോഗം സ്ഥിരീകരിക്കുന്നത് ഈ ചൊവ്വാഴ്ചയായിരുന്നു. പത്ത് വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലൈം രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലക്ഷണങ്ങള്‍
ചെള്ളുകടിച്ച പാട്, ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും, പനിയും രോഗത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ തലവേദന, അമിത ക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമാകാം. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ രോഗം വഷളാകും. കാല്‍മുട്ടിനെയും പേശിയെയും ഹൃദയത്തെയും തലച്ചോറിനെയും ഇത് ബാധിക്കാം. ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന പാടുകൾ, പേശികള്‍ക്ക് ബലക്ഷയം, കൈ-കാല്‍ വേദന തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.