Thursday, February 6, 2025
Local News

രാമനാട്ടുകരയെ നടുക്കി കൊടും ക്രൂര കൊലപാതകം


രാമനാട്ടുകര : ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലും ആശങ്കയിലുമാണു രാമനാട്ടുകര നഗരവാസികൾ. നഗരത്തിലും ബൈപാസ് മേൽപാലം പരിസരവും കേന്ദ്രീകരിച്ച് മദ്യപാനവും ലഹരി വിൽപനയും വ്യാപകമാണെന്ന പരാതി നിലനിൽക്കെയാണ് ജനങ്ങളെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം കൊലപാതകം നടന്നത്. മാവേലി സ്റ്റോറിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഉച്ചയ്ക്കാണ് കൊണ്ടോട്ടി നീറാട് നെല്ലിക്കുന്ന് ഷിബിന്റെ മൃതദേഹം കാണപ്പെട്ടത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കഴുത്തിനു കുത്തിയും കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് മുഖം വികൃതമാക്കിയ നിലയിലുമായിരുന്നു യുവാവിന്റെ മൃതദേഹം. രക്തം വാർന്ന് മുഖത്ത് ഉറുമ്പരിച്ചിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. കൊലപാതകമാണെന്ന് അറിഞ്ഞതോടെ വൻ ജനക്കൂട്ടവും തടിച്ചുകൂടി.

പൊലീസ് പറയുന്നത്: സുഹൃത്തുക്കളായ 4 പേർ ചേർന്നാണ് ശനിയാഴ്ച രാത്രി മേൽപാലം പരിസരത്തെ ആളൊഴിഞ്ഞ പറമ്പിലെത്തി മദ്യപിച്ചത്. പിടിയിലായ ഇജാസും മരിച്ച ഷിബിനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടെയാണ് ഇജാസ് കയ്യിൽ കരുതിയ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഷിബിനെ കഴുത്തിനു കുത്തിയത്. പിന്നീട് ഇജാസ് സമീപത്തുണ്ടായിരുന്ന ചെങ്കല്ല് ഉപയോഗിച്ച് ഷിബിന്റെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തെത്തിയ നാട്ടുകാർ ഇവിടെ കണ്ടത് ഭീകരമായ കാഴ്ചയാണ്. പറമ്പിലാകെ ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസുകളുമാണ്. സ്ഥിരമായി നാടോടികൾ തമ്പടിക്കുന്ന ഇടമാണ്.

ബൈപാസ് മേൽപാലത്തിന്റെ താഴെയും മറ്റും രാപകൽ വ്യത്യാസമില്ലാതെ മദ്യപാനം നടക്കുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പൊതുവേ ആളുകൾ എത്താത്തതിനാൽ ലഹരി വിൽപനക്കാരും മേൽപാലം പരിസരത്താണ് കേന്ദ്രീകരിക്കുന്നത്. ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ്, ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.


Reporter
the authorReporter

Leave a Reply