കോഴിക്കോട്: രാജ്യത്തെ
പ്രമുഖ ബിരിയാണി അരി നിർമാതാക്കളും ജീരകശാല അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ഐമാക്സ് ഗോൾഡ് റൈസ് ഇൻഡസ്ട്രീസ് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ബൂട്ട് പ്രദർശനത്തിനൊരുങ്ങി. പ്രമുഖ ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം. ദിലീഫിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ബൂട്ട് ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിൽ പ്രദർശിപ്പിക്കുന്നതിനായി കോഴിക്കോട്ടു നിന്ന് പുറപ്പെടും.

പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഖത്തറിൽ ബൂട്ട്സ്വീകരിക്കും. ബൂട്ട് പുറപ്പെടുന്നതിനു മുന്നോടിയായി കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച വൈകിട്ട് പ്രദർശന ചടങ്ങ് നടക്കും. കോഴിക്കോട് കടപ്പുറത്തെ കൾച്ചറൽ സ്റ്റേജിൽ വൈകിട്ട് 5 മുതൽ 9 വരെയാണ് പ്രദർശനം. കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദും കേരള മുൻ ഫുട്ബാൾ ക്യാപ്റ്റൻ ആസിഫ് സഹീറും സംയുക്തമായി ബൂട്ട് പ്രദർശനോദ്ഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫോക്കസ് ഇന്റർനാഷണൽ ഇവന്റ്‌സ് ഡയരക്റ്റർ അസ്‌കർ റഹ്‌മാന് ബൂട്ട് കൈമാറും. ചടങ്ങിൽ ഫുട്ബോൾ താരങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

പതിനേഴടി നീളവും ആറടി ഉയരവുമുള്ള ഭീമൻ ബൂട്ട് ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം നേടും. ലെതർ, ഫൈബർ, റെക്സിൻ, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവകൊണ്ടാണ് ബൂട്ട് നിർമിച്ചിരിക്കുന്നത്. ഖത്തറിൽ പ്രധാന വിനോദ സഞ്ചാര മേഖലകളിൽ ബൂട്ട് പ്രദർശനത്തിനായി വെക്കും. ആരോഗ്യവും ഉല്ലാസവുമുള്ള സമൂഹത്തിന്റെ സൃഷ്ടിക്കായാണ് ഫോക്കസ് ഇന്റർനാഷണൽ ഈ ഉദ്യമത്തിൽ പങ്കാളിയാവുന്നത്.
1981ല് കോഴിക്കോട് വലിയങ്ങാടി ആസ്ഥാനമായി ആരംഭിച്ച ഐമാക്സ് ഗോള്ഡ് ഗ്രൂപ് അരി വ്യാപാരരംഗത്തെ രാജ്യത്തെ മുൻനിരക്കാരാണ്. കൈമ ഗോൾഡ് ബിരിയാണി റൈസ്, ഐമാക്സ് ഗോൾഡ് ബിരിയാണി റൈസ്, കുറുവ ഗോള്ഡ് ബോയിൽഡ് റൈസ്, ഐമാക്സ് ഗെയ്റ്റ് ബസ്മതി റൈസ്, ജാസ് ഗോൾഡ് ബിരിയാണി റൈസ്, ബിരിയാണി ഗോൾഡ് ബിരിയാണി റൈസ്, ഐമാക്സ് ഗോൾഡ് ഫ്രീ ഫ്ളോ സാൾട്ട്, ഐമാക്സ് ഗോൾഡ് ക്രിസ്റ്റല്സാൽട്ട് തുടങ്ങി ഐമാക്സ് ഗോൾഡിന്റെ നിരവധി ഉത്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഉയർന്ന ഗുണമേന്മയും മിതമായ വിലയും ഉപഭോക്താക്കൾക്ക് ഐമാക്സ് ഗോൾഡിനെ പ്രിയങ്കരമാക്കുന്നു.

വാർത്താസമ്മേളനത്തിൽ ഐമാക്സ് ഗോൾഡ് ചെയർമാൻ സി.പി അബ്ദുൽ വാരിഷ്, സിഇഒ അബ്ദുൽ ബാസിത്, ഇവന്റ് കോ ഓർഡിനേറ്റർ മജീദ് പുളിക്കൽ, മാർക്കറ്റിംഗ് ഡയരക്റ്റർ ഷമീർ സുറുമ തുടങ്ങിയവർ പങ്കെടുത്തു.










