കോഴിക്കോട്:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘പുതുലഹരിയിലേക്ക്‘ പദ്ധതിയുടെ ദീപശിഖാ പ്രയാണത്തിന് മേപ്പയ്യൂരിൽ ഉജ്വല സ്വീകരണം നൽകി. മേപ്പയ്യൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് നടന്ന സ്വീകരണ പരിപാടിയിൽ ജില്ലാ കലക്ടറുടെ പേഴ്സണൽ സ്റ്റാഫ് എൻ. നിജീഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ദീപശിഖ ഏറ്റുവാങ്ങി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിമുക്തിക്കായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രസിഡന്റ് കെ.ടി. രാജൻ പറഞ്ഞു. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്തി ക്ലാസുകളും വാർഡ്തല വിമുക്തി കമ്മിറ്റി രൂപീകരണവും നടക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്തിന് കൂടുതൽ ഊർജമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ വർധിക്കുന്ന ലഹരി ഉപഭോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന സമഗ്ര ലഹരി വിരുദ്ധ പ്രതിരോധ – ബോധവത്കരണ പരിപാടിയാണ് ‘പുതുലഹരിയിലേക്ക്‘ എന്ന പേരിൽ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്നത്. ജീവിതത്തിൽ സന്തോഷം നൽകുന്ന ആരോഗ്യകരമായ ശീലങ്ങളെയോ പ്രവർത്തനങ്ങളെയോ ആണ് ‘പുതുലഹരി’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ജില്ലയിലെ നാല് താലൂക്കുകളിലായി നൂറിലധികം കേന്ദ്രങ്ങളിലൂടെയാണ് ’പുതുലഹരിയിലേക്ക്‘ പദ്ധതിക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനം ദീപശിഖയേന്തി പ്രയാണം നടത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ, എക്സൈസ്, സാമൂഹ്യ നീതി, തുടങ്ങി 16 വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രചരണ പരിപാടിയോടനുബന്ധിച്ച് ആളുകളിലെ പുതുലഹരി കണ്ടെത്തുന്നതിനായി ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന പേരിൽ വൊട്ടെടുപ്പും നടത്തി. മേപ്പയ്യൂരിൽ പ്രായഭേദമന്യേ നിരവധി പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ലഹരിവരുദ്ധ പ്രതിജ്ഞയും ജനങ്ങൾ ഏറ്റുചൊല്ലി. പരിപാടിയിൽ എക്സെെസ് പ്രിവന്റീവ് ഓഫീസർ പി. ബാബു, പഞ്ചായത്ത് വെെസ് പ്രസിഡന്റ് എൻ.പി. ശോഭ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.