Sunday, December 22, 2024
Latest

കോഴിക്കോട് പുതിയപാലത്ത് വലിയപാലം യാഥാർഥ്യമാവുന്നു


കോഴിക്കോടിന്റെ കാലങ്ങളായുള്ള ആവശ്യം യാഥാർഥ്യമാവുകയാണ്. നാലു പതിറ്റാണ്ടിലധികമായി പുതിയപാലം പ്രദേശത്തുകാരുടെ സ്വപ്‍നമാണ് ഇതോടെ സത്യമാവുന്നത്. ഇനി പുതിയപാലത്തെ പഴയപാലത്തിനു പകരമുയരുന്നത് വലിയ പാലം.

നാല്പതുകളിൽ കാക്കാത്തെരു എന്നറിയപ്പെട്ടിരുന്ന ധാരാളം കമ്പനികളും മരമില്ലുകളും ഉണ്ടായിരുന്ന ഒരു പ്രദേശമാണ് ഇന്നത്തെ പുതിയപാലം. കോഴിക്കോട് സിറ്റി സൗത്ത് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശം.1947ൽ ആണ് ഈ പ്രദേശത്തു കനോലി കനാലിനു കുറുകെയായി ആദ്യത്തെ പാലം വന്നത്. പിന്നീട് 1982ൽ ഇന്ന് കാണുന്ന പുതിയ പാലം നിർമിച്ചു. അതിനു ശേഷമാണ് ഈ പ്രദേശത്തിന് പുതിയപാലം എന്ന പേര് വന്നത്. ആദ്യത്തെ പാലത്തിനു പടികൾ ആയിരുന്നെങ്കിലും വീതിയുണ്ടായിരുന്നു. എന്നാൽ പിന്നീട് വന്ന പാലത്തിനു വീതി കുറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്കു മാത്രം കടന്നു പോകാവുന്ന ഈ പാലത്തിലൂടെ ഇന്ന് വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് പോകുന്നത്. രണ്ടു വാഹനങ്ങൾക്കു വളരെ പാട്പെട്ട് മാത്രമേ പാലം വഴി കടന്നു പോകാനാവൂ. അതിനിടയിലൂടെ കാൽനടയാത്രക്കാരും കൂടിയാകുമ്പോൾ ഗതാഗതകുരുക്കാവും.

നിരന്തരശ്രമങ്ങളുടെയും ചർച്ചകളുടെയും ഫലമായി 2021 ൽ പുതിയപാലത്തെ വലിയ പാലത്തിനു ഭരണാനുമതി ലഭിച്ചു. സ്ഥലമെടുപ്പ് 95 ശതമാനം പൂർത്തിയായി. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. ജൂലൈ മൂന്നിനാണ് പ്രവർത്തനോദ്ഘാടനം. ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാകും.

പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. രണ്ടു വർഷമാണ് പ്രവർത്തന കാലാവധി. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. മൊത്തം 59 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്. ഇതിൽ സ്ഥലമേറ്റെടുപ്പും പുനരധിവാസവുമുൾപ്പെടും. 23.73 കോടിയാണ് പാലത്തിന്റെ നിർമാണച്ചെലവ്. 195 മീറ്റർ നീളമുള്ള പാലത്തിനു ഇരുവശത്തുമായി അപ്രോച്ച് റോഡുകളും സർവീസ് റോഡുകളും നിർമിക്കും. കിഴക്ക് 383 മീറ്ററും പടിഞ്ഞാറ് 23 മീറ്ററുമുള്ള അപ്രോച്ച് റോഡും, 110 മീറ്റർ സർവീസ് റോഡും വരും. ഏഴു സ്പാൻ വരുന്ന പാലത്തിന്റെ സെന്റർ സ്പാൻ കനോലി കനാലിനു കുറുകേയായാണ് വരുന്നത്. 45 മീറ്ററാണ് നീളം. 11 മീറ്റർ വീതിയുള്ള പാലം ബോസ്ട്രിംഗ് ആർച്ച് മാതൃകയിലാണ് നിർമിക്കുക. ഒന്നരമീറ്റർ വീതിയുള്ള നടപ്പാതയും പദ്ധതിയിൽ ഉൾപ്പെടും.

തളി ക്ഷേത്രത്തെയും മാങ്കാവ് മിനി ബൈപാസിനെയും ബന്ധിപ്പിക്കുന്ന വലിയ പാലം വരുന്നതോടെ പുതിയപാലത്തു കൂടിയുള്ള യാത്ര സുഗമമാകും. പാളയം ഭാഗത്തു നിന്നും മാങ്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കു നഗരത്തിലെ തിരക്കിൽപ്പെടാതെ യാത്രയും ചെയ്യാം.


Reporter
the authorReporter

Leave a Reply