കോഴിക്കോട്: കോഴിക്കോട് അനധികൃതമായി കെട്ടിടാനുമതി നേടിയ കേസിൽ കെട്ടിട ഉടമയ്ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ക്രമക്കേടിൽ അറസ്റ്റിലായ അബൂബക്കർ സിദ്ധിഖിനാണ് കോഴിക്കോട് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. കോർപ്പറേഷൻ ജീവനക്കാരുൾപ്പടെയുളള മറ്റ് ആറ് പേരുടെ ജാമ്യാപേക്ഷ കോടതി തളളി. ചോദ്യം ചെയ്യലിന് എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കില്ലെന്നുമുൾപ്പടെയുളള ഉപാധികളിലാണ് കോടതി ജാമ്യം അനുവദിച്ചത്. കെട്ടിടാനുമതി ക്രമക്കേടിൽ ഉടമ, രണ്ട് കോർപ്പറേഷൻ ജീവനക്കാർ , ഒരു വിരമിച്ച ഉദ്യോഗസ്ഥൻ, മൂന്ന് ഇടനിലക്കാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഫറോക് അസി. കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കുടുതൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.