Thursday, December 26, 2024
LatestPolitics

കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം;മേയർക്ക് പരിക്ക്.


കോഴിക്കോട്: കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ വൻ ബഹളവും ഉന്തും തള്ളും. സഭ തുടങ്ങും മുമ്പ് യൂത് ലീഗ് പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷധവുമായെത്തിയെങ്കിലും ഓഫീസിലും പുറത്തും കാവൽ നിന്ന വൻ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധത്തിനിടെ ഭരണകക്ഷി കൗൺസിലർമാരുടെ സംരക്ഷണത്തിൽ 162 കൗൺസിൽ അജണ്ടകളും മേയറും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദിന്‍റെയും നേതൃത്വത്തിൽ ഒന്നിച്ച് പാസാക്കുന്നുമ്പോളുള്ള ബഹളത്തിനിടെ മേയറുടെ കൈക്ക് നേരിയ പരിക്കേറ്റു. മേയറുടെ മേശപ്പുറത്തുള്ള മൈക്ക് കയ്യേറിയശേഷം കൗൺസിൽ അജണ്ടകൾ കീറിയെറിഞ്ഞു. അരമണിക്കൂറിനകം പിരിഞ്ഞ കൗൺസിൽ യോഗം കഴിഞ്ഞ് മേയറുടെ ചേമ്പറിന് മുന്നിലും ഓഫീസ് കവാടത്തിലും പ്രതിഷേധമുണ്ടായി. മേയർക്കെതിരെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും മേയറെ അനുകൂലിച്ച് അവർക്കൊപ്പം ഡെപ്യൂട്ടി മേയറുടെ നേതൃതവത്തിൽ എൽ.ഡി.എഫ് പ്രവർത്തകരും അണിനിരന്നതോടെ ഓഫീസ് പ്രതഷേധക്കടലായി. ചേമ്പറിനകത്ത് മേയറും മറ്റ് ഭരണസമിതിയംഗങ്ങളും വാറത്താസമ്മേളനം നടത്തുന്നതിനിടെ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ചേമ്പറുകൾക്ക് മുമ്പിൽ തൂക്കിയ പേരെഴുതിയ ബോർഡുകൾ ബി.ജെ.പി കൗൺസിലർ മാരുടെ നേതൃത്വത്തിൽ പൊളിച്ചെറിഞ്ഞു. പ്രതിഷധങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗൺസിലർ എൻ. ശിവപ്രസാദിനെയും യൂത്ത് ലീഗ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചക്ക് മൂന്നിന് കൗൺസിൽ ആരംഭിച്ച ശേഷം അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്പ്, പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സെക്രട്ടറിയെ സസ്പെന്‍റ് ചെയ്ത് വിജിലൻസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ അടിയന്തര പ്രമേയം. ഏഴ് മാസം മുമ്പ് ജീവനക്കാർ ക്രമക്കേട് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്ത സെക്രട്ടറി കെ.യുബിനിയുടെ സമീപനം കുറ്റവാളികളെ സഹായിക്കുന്നതാണെന്നും അവരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം വായിച്ച് സഭയിൽ കേൾപ്പിച്ചശേഷം അതിന് അവതരണാനുമതി നിരസിക്കാനുള്ള കാരണവും മേയർ വ്യക്തമാക്കി. ഏഴ് മാസം മുമ്പ് കിട്ടിയ പരാതി ക്രമക്കേടുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും നാല് തലത്തിലുള്ള അന്വേഷണം നടക്കുന്നത് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും ഇടപെടൽ കാരണമാണെന്നും സെക്രട്ടറിയെ മാറ്റേണ്ട കാര്യമില്ലെന്നുമായിരുന്നു മേയറുടെ മറുപടി. മറുപടി പൂർത്തിയാവും മുമ്പ് തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്ലകാർഡും ബാനറുമേന്തി നടുത്തളത്തിലിറങ്ങി. യു.ഡിഎഫ് സെക്രട്ടറിയുടെ രാജിയാവശ്യപ്പെട്ടപ്പോൾ സമഗ്ര അന്വേഷണം വേണമെന്ന ബാനറുമായായിരുന്നു ബി.ജെ.പി പ്രതിഷേധം. കൗൺസിൽ തുടങ്ങും മുമ്പ് നാല് ജീവനക്കാരെ സസ്പെന്‍റ് ചെയ്തതിലുള്ള പ്രതിഷേധവും നടന്നു. കൗൺസിൽ യോഗത്തിനും ഓഫീസ് സമുച്ചയത്തിനകത്തെ പ്രതിഷേധത്തിനും ശേഷം അസി.കമീഷണർമാരായ പി.കെ.സന്തോഷ്, പി.ബിജുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് കാവലിലാണ്  മേയർ ഓഫീസ് വിട്ടത്. മേയർ പുറത്ത് പോവുമ്പോഴും ഉന്തു തള്ളുമുണ്ടായി. അതിന് ശേഷം നാലേ മുക്കാലോടെ കോർപറേഷൻ ഓഫീസ് കവാടത്തിൽ പൊതുയോഗം നടത്തിയാണ് യു.ഡി.എഫ് പ്രവർത്തകർ പിരിഞ്ഞത്. കൈയ്ക്ക് മുറിവേറ്റ മേയറെ പിന്നീട് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി


Reporter
the authorReporter

Leave a Reply