Thursday, December 26, 2024
GeneralLatest

ശശിധരൻ ഫറോക്ക്: എഴുത്തിലെ ബഹുമുഖ പ്രതിഭ


അനിൽമാരാത്ത്

നമ്മുടെയെല്ലാം ആദരവിന് അർഹനായിരിക്കുന്ന ശശിധരൻ ഫറോക്ക് ഏവരും അറിയപ്പെടുന്ന എഴുത്തുകാരനാണ്.അദ്ദേഹത്തിൻ്റെ നാല് പുസ്തകങ്ങളുടെ പ്രകാശനം ഇക്കഴിഞ്ഞ ദിവസം ഫറോക്കിൽ നടക്കുകയുണ്ടായി. അതിൽ, അവൻ പറഞ്ഞതും അവൾ പറയാത്തതുമെന്ന നാല്പത് കവിതകളുടെ സമാഹാരം പ്രകാശനം ചെയ്യാൻ കഴിഞ്ഞതിലുള്ള ആ ഹ്ലാദം പങ്കുവെയ്ക്കട്ടെ.
സ്വന്തം പേരിനോടൊപ്പം ദേശപ്പേര് കൂടി അദ്ദേഹം ചേർത്തുവെച്ച എഴുത്തുകാരനാണ് ശശിധരൻ ഫറോക്ക്.സാർവ്വദേശീയമായി ചിന്തിക്കുകയും പ്രാദേശികമായി ഇടപെടുകയും ചെയ്യുക എന്നതാണ് പുതിയ കാലത്തെ രീതി. ആഗോള വൽക്കരണത്തിൻ്റേതായ ഇക്കാലത്ത് സ്വന്തം ദേശമുദ്ര ഉയർത്തിപ്പിടിക്കുന്നതിന് നിരവധി അർത്ഥ തലങ്ങളുണ്ട്. ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് കവിതയും കഥയും മെല്ലാംഎഴുതുന്ന ഒരാൾ ഉണ്ടെന്ന് ലോകത്തോട് വിളിച്ചു പറയുകയാണീ എഴുത്തുകാരൻ.ഇത് മുഴുവൻ ഫറോക്ക് നിവാസികളുടെയും അഭിമാനം വാനോളം ഉയർത്തുന്നു.അക്കൂട്ടത്തിൽ ഊഷ്മളമായ സ്നേഹ സൗഹൃദങ്ങൾ ദീർഘകാലമായി കാത്തുസൂക്ഷിക്കുന്നഒരാളെന്ന നിലയിൽ എനിക്കും അതീവ ചാരിതാർത്ഥ്യമുണ്ട്.
ബഹുമുഖ പ്രതിഭയെന്ന് ശശിധരൻ ഫറോക്കിനെ തീർച്ചയായും വിശേഷിപ്പിക്കാം. കവിത, കഥ, ജീവ ചരിത്രം, സാമൂഹ്യ നിരീക്ഷണം. സാഹിത്യ ചരിത്രം, സാംസ്കാരിക പ്രഭാഷണം, എന്നിങ്ങനെ വിവിധ സാഹിത്യ ശാഖകളിൽ അദ്ദേഹത്തിൻ്റെ വിശിഷ്ട സംഭാവനകളുണ്ട്.തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരൻ. അരനൂറ്റാണ്ടോളമായി എഴുത്ത് എന്ന കർമ്മരംഗത്ത് സ്വയം സമർപ്പിതനായി അദ്ദേഹം സാന്നിധ്യമറിയിക്കുന്നു. കൂടുതൽ കൂടുതൽ അംഗീകരിക്കപ്പെടേണ്ടതാണ് ഈ എഴുത്തുകാരൻ്റെ സർഗാത്മക സംഭാവനകൾ.അവ ഒന്നിന്നൊന്ന് മികച്ചു നില്ക്കുന്നു.
ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണുന്നവയാണ് ശശിധരൻ ഫറോക്കിൻ്റെ കവിതകൾ. പോസിറ്റീവ് ആയ ഒരു സാമൂഹ്യ ദർശനമാണ് അവ മുന്നോട്ടുവെയ്ക്കുന്നത്. അർത്ഥത്തിൻ്റെ അടിത്തട്ട് കാണാവുന്ന തെളിമയുണ്ട് അദ്ദേഹത്തിൻ്റെ കാവ്യഭാഷയ്ക്ക്. ചെറുതിലാണ് സൗന്ദര്യം എന്നതാണ് ഈ കവിയുടെ നിലപാട്.കടുകിൽ കടൽ ഒളിപ്പിച്ചുവെയ്ക്കുന്നതുപോലെ ഏതാനും വരികളിൽ ഗഹനങ്ങളായ ആശയങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് ഇത്തിരിയെ പറയാനുള്ളൂ,അതിന് ഈ ഭാഷ മതി എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷിനെ പോലെ, ഈ കവിയും ചെറിയ വരികളിൽ ആശയങ്ങളുടെ രത്നച്ചുരുക്കം ഒളിപ്പിച്ചുവെയ്ക്കുന്നു.അവ മികച്ച സാമൂഹ്യ വിമർശന ധർമ്മം നിർവ്വഹിക്കുന്നു.പുതുതായ കണ്ണുകൾ കൊണ്ട് ലോകത്തെ കാണാനുള്ള കാഴ്ചപ്പാട് നമുക്ക് തരുന്നു. അങ്ങനെ പല തലങ്ങളിൽ ഈ കവിതകളെ സമീപിക്കാം.അതെല്ലാം വായനക്കാർക്ക് വിട്ടുതരുന്നു.കവിതയെഴുത്തിൽ തൻ്റേതായ ഒരിടം കാത്തുസൂക്ഷിക്കുന്ന ശശിധരൻ ഫറോക്കിന് ആശംസകളും അഭിനന്ദനങ്ങളും. അദ്ദേഹത്തിൻ്റെ കാവ്യജീവിതമടക്കമുള്ള സർഗാത്മക സംഭാവനകൾ അംഗീകരിക്കപ്പെടുമ്പോൾ ഒരു നാടിൻ്റെ സാംസ്കാരിക ചരിത്രത്തിന് കൂടുതൽ തിളിക്കം കൈവരിക്കുകയാണ്. ശശിധരൻ ഫറോക്കിൻ്റെ
ഒരു ശരാശരിക്കാരൻ്റെ ഓർമ്മക്കൊയ്ത്ത്, ഇതൾ കൊഴിയും മുമ്പെ (കഥകൾ) ഞാൻ എന്ന പച്ചക്കളം(കവിതകൾ) എന്നീ പുസ്തകങ്ങൾ യഥാക്രമം ഡോ.ഗോപി പുതുക്കോട്, ഡോ.പി.കെ.ചന്ദ്രൻ, ഉണ്ണികൃഷ്ണൻ തിയ്യത്ത് എന്നിവർ പ്രകാശനം ചെയ്തു.ഡോ.ശരത് മണ്ണൂർ,കെ.പി.എം.നവാസ്, അരവിന്ദൻ പുറെക്കാട്, ജയക്കിളി എന്നിവർ പുസ്തകം സ്വീകരിച്ചു.ഭാനുപ്രകാശാണ് പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.അജിത്കുമാർ പൊന്നേം പറമ്പത്ത് അദ്ധ്യക്ഷതവഹിച്ചു.കാസിം വാടാനപ്പള്ളി മുഖ്യാതിഥിയായിരുന്നു.യു.ജയരാജൻ ഐ.എഫ്.എസ്,
എം.ദേവദാസ്,രാഗേഷ് ചെറുവണ്ണൂർ എന്നിവർ സംസരിച്ചു.ഗ്രന്ഥകാരൻ മറുപടി പ്രസംഗം നടത്തി.
വായനാസ്വാദനത്തിൽ എം.വി.മുഹമ്മദ് ഷിയാസ്,സജിത്ത് കെ.കൊടക്കാട്, ബാബുവാളക്കട, മോഹനൻ പൈക്കാട്,വി.എം.കൃഷ്ണദാസ്, എൻ.ഹരിലാൽ,സതീഷ് ബാബു കൊല്ലമ്പലത്ത്, വിജയകുമാർ പൂതേരി,പി.എസ്.മോഹൻദാസ് , എ.കെ.ഫസ്ന എന്നിവർ പങ്കെടുത്തു.നിഹാൽ മാണിക്കോത്ത്,എ.കെ.ഫസ്ന എന്നിവർക്കുള്ള ഗ്രന്ഥകാരൻ്റെ ഉപഹാരം ചടങ്ങിൽ വെച്ച് നല്കി.
ശശിഏട്ടൻ്റെ നേതൃത്വത്തിൽ ഫറോക്കിൽ വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ട വായനക്കൂട്ടം എന്ന സാംസ്കാരിക കൂട്ടായ്മയായിരുന്നു പുസ്തക പ്രകാശന മടക്കമുള്ള സാംസ്കാരിക പരിപാടികളുടെ സംഘാടകർ.സുഭദ്രം പബ്ലിക്കേഷനാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്.


Reporter
the authorReporter

Leave a Reply