കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന കലക്ഷൻ ഏജന്റുമാർക്ക് സ്ഥിര നിയമനം നൽകി തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. സ്ഥിര വരുമാനവും തൊഴിൽ സുരക്ഷിതത്വവും ആവശ്യപ്പെട്ട് സിബിഡിസിഎയുടെ നേതൃത്വത്തിൽ കോഴിക്കോട് സഹകരണ ഭവനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ ഡെപ്പോസിറ്റ് കലക്റ്റർമാരോടുള്ള അവഗണനക്കും നീതി നിഷേധത്തിനുമെതിരെ കോ ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡെപ്പോസിറ്റ് കലക്ടർമാർ നടത്തിയ പണിമുടക്കിന്റെ ഭാഗമായാണ് ധർണ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് പതിനയ്യായിരത്തോളം ആളുകളാണ് സഹകരണ നിക്ഷേപം വർധിപ്പിക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നത്. എന്നാൽ തുഛമായ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്. കോവിഡ് രൂക്ഷമായ സമയത്തു പോലും ഏജന്റുമാർ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾ
വീഴ്ചകൾ വരുത്താതെ വീടുകളിൽ എത്തിച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് അവഗണന തുടരുന്നത്. കലക്ഷൻ ഏജന്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന മുൻ ഉത്തരവുകൾ നടപ്പിലാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കുഞ്ഞാലി മമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. പി. രാധാകൃഷ്ണൻ,യു.വിജയ പ്രകാശ്,ടി.സെയ്തുട്ടി, എം.കെ.രാഘവൻ,ടി.പി.അരവിന്ദാക് ഷൻ, രമണി വിശ്വൻ,
ഷൗക്കത്ത് അത്തോളി തുടങ്ങിയവർ പ്രസംഗിച്ചു.
Attachments area