Saturday, January 25, 2025
LatestLocal News

ഇവിടെ ഇനി ഒരു മാലിന്യവും വീഴില്ല… ഇത് വീണ്ടെടുക്കലിന്റെ ജനകീയ മാതൃക


അഞ്ജു കെ.ആർ

കോഴിക്കോട്:ഒരുകാലത്ത് പ്രദേശത്തെയാകെ നീര്‍ വറ്റാതെ നിലനിര്‍ത്തിയിരുന്ന കുളമായിരുന്നു എടക്കാട് പാലക്കടയിലെ കോഴിക്കല്‍ തറവാടിന്റെ കൊടമ്പാട്ട് കുളം. മാലിന്യം മൂടി നശിക്കാന്‍ പോവുകയായിരുന്ന കുളത്തിന്റെ ദൈന്യത കണ്ട്, ഓളപ്പരപ്പിനെ വെട്ടിച്ച് തുള്ളുന്ന ചെറുമീനുകളോടൊപ്പം നീന്തിത്തുടിച്ച പൂര്‍വ്വികരെ ഓര്‍ത്ത് നാട്ടുകാര്‍ പറഞ്ഞു – ‘ഇനി ഇവിടം ഒരിക്കലും മലിനമാകില്ല’.

കോഴിക്കല്‍ തറവാട്ടിലെ കൃഷ്ണദാസിനും സഹോദരിമാര്‍ക്കും കുടുംബ സ്വത്തായി ലഭിച്ചതാണ് കൊടമ്പാട്ട് കുളം. 12 സെന്റോളം വരുന്ന സ്ഥലത്തെ കുളം കോര്‍പറേഷന് വിട്ട് നല്‍കാമെന്നേറ്റതോടെ സ്വകാര്യ കുളം ‘മിഷന്‍ തെളിനീര്‍ ‘ പദ്ധതിയില്‍ ഉള്‍പ്പെട്ടു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.എസ് ജയശ്രീയുടെ സാന്നിധ്യത്തില്‍ രാവിലെ ഏഴുമണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ടി.മുരളീധരന്‍ നേതൃത്വം നല്‍കി.

നീരൊഴുക്ക് സൗകര്യമുള്ള, ഭംഗിയുള്ള പ്ലാനില്‍ ആര്‍ക്കിടെക്ടിന്റെ സഹായത്തോടെ കുളം പടുത്തുകെട്ടാനും കുട്ടികള്‍ക്ക് നീന്തല്‍ സൗകര്യവുമൊരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. കോര്‍പറേഷന്‍ ഫണ്ട് ഉപയോഗിച്ച് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മേയര്‍ ബീന ഫിലിപ്പ് ഉറപ്പുനല്‍കി. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ജില്ലാ ഹരിതകേരള മിഷന്‍ – ശുചിത്വമിഷന്‍ പ്രതിനിധികളും കുളം സംരക്ഷണസമിതി അംഗങ്ങളും കുളം വീണ്ടെടുക്കല്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

കൊടമ്പാട്ടുകുളം – മിഷന്‍ തെളിനീരിലെ ആദ്യ സ്വകാര്യകുളം

‘ജലമാണ് ജീവന്‍’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം 2020 ഫെബ്രുവരിയില്‍ ആരംഭിച്ച ‘മിഷന്‍ തെളിനീര്‍ ‘ പദ്ധതിയുടെ ഭാഗമായി വീണ്ടെടുക്കുന്ന ആദ്യ സ്വകാര്യ കുളമാണ് എടക്കാട് പാലക്കടയിലെ കൊടമ്പാട്ടുകുളം. ഓരോ പൊതുകുളങ്ങളും പുനരുജ്ജീവിപ്പിച്ച് തെളിനീരൊഴുകുന്ന ജല സ്രോതസ്സാക്കി നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം, ശുചിത്വ മിഷനുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം. ജില്ലയില്‍ 52 പൊതുകുളങ്ങളാണ് ഇത്തരത്തില്‍ വീണ്ടെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചലമായ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം തുടങ്ങുന്നതും സ്വകാര്യ കുളമായ കൊടമ്പാട്ടുകുളത്തിന്റെ വീണ്ടെടുക്കലിലൂടെയാണ്.


Reporter
the authorReporter

Leave a Reply