Thursday, December 26, 2024
GeneralLatestPolitics

എസ്.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ


ഇടുക്കി: സർക്കാർ എഞ്ചിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമെന്ന് എഫ്.ഐ.ആർ. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ക്യാംപസിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ധീരജ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമൽ എന്നിവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിഖിലിനെ കോടതിയിൽ ഹാജരാക്കും. ജില്ലയിലാകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.


Reporter
the authorReporter

Leave a Reply