Friday, December 27, 2024
GeneralLatest

‘സപ്ലൈ കേരള’ സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതി – മന്ത്രി അഹമ്മദ് ദേവർ കോവിൽ


കോഴിക്കോട്:വിപണിയിലെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സപ്ലൈകോ ആവിഷ്കരിച്ച ഓൺലൈൻ വിതരണ സംവിധാനം ‘സപ്ലൈ കേരള’ സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ.  ജില്ലാ പ്ലാനിങ് കോൺഫറൻസ് ഹാളിൽ ‘സപ്ലൈ കേരള’ ആപ്ലിക്കേഷൻ്റെ ജില്ലാതല  ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സേവനത്തിൽ കാലികമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്നതാണ് ബിസിനസിലെ വിജയം.  ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ വിൽക്കുന്ന സപ്ലൈകോ പൊതു വിപണിയിൽ വൻകിട കുത്തക കമ്പനികൾ   സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയപ്പോൾ സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചു.  നിലവിലെ ജീവിത സാഹചര്യത്തിൽ ഓൺലൈൻ വിപണിക്ക് പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയതോടെ ഒറ്റ ക്ലിക്കിൽ സാധനങ്ങൾ വീട്ടുമുറ്റത്തെത്തിക്കാനും ഇതോടെ സംവിധാനമൊരുക്കിയിരിക്കുകയാണ്.  സാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിലും സപ്ലൈകോ നൽകുന്ന സേവനം മനസ്സിലാകണമെങ്കിൽ വിപണി വിലയുമായി സപ്ലൈകോ വില ഒത്തു നോക്കണം.  ഇവിടെ ലാഭം കുത്തക മുതലാളിമാരുടെ കീശയിലേക്കല്ല പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്.  ഇത്തരം പൊതു സംവിധാനങ്ങൾ പൂഴ്ത്തിവെപ്പിനും വിലക്കയറ്റത്തിനുമെതിരേയുള്ള ഫലപ്രദമായ മാർഗ്ഗങ്ങളാണ്.  കുടുംബ ബജറ്റിനനുസരിച്ച് ചെലവ് നിയന്ത്രിക്കാൻ സാധാരണക്കാർക്ക് സപ്ലൈകോ സഹായകമാണെന്നും മന്ത്രി പറഞ്ഞു.
‘സപ്ലൈ കേരള’ എന്ന ആപ്ലിക്കേഷൻ വഴി സപ്ലൈകോ ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറിയിലൂടെ
സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയും ഓൺലൈൻ വിൽപ്പനയും വിതരണവും സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.  പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ തൃശ്ശൂരിൽ നിർവ്വഹിച്ചിരുന്നു.
‘സപ്ലൈ കേരള’ ആപ്പിലൂടെ തൊട്ടടുത്ത ഔട്ട് ലെറ്റ് തെരെഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ഓൺലൈനായി ഓർഡർ ചെയ്യുന്നത് വഴി ഉപഭോക്താക്കൾക്ക് ക്യൂ നിൽക്കാതെയും സമയവും പണവും ലാഭിച്ചും വീട്ടിലിരുന്ന്  സപ്ലൈകോയിലൂടെ അവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ലഭിക്കും.  ജില്ലയിൽ ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തെ അപ്ന ബസാർ, കോഴിക്കോട് മാവൂർ റോഡിലെ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ് പദ്ധതി  ആരംഭിക്കുന്നത്.
എല്ലാ ബ്രാൻഡഡ് ഉല്പന്നങ്ങൾക്കും എംആർ പി യിൽ നിന്നും 5% മുതൽ 30% വരെ വിലക്കിഴിവ് സപ്ലൈകോ ഉറപ്പ് നൽകുന്നു. ഇതിനു പുറമെ ഓരോ ഓൺലൈൻ ബില്ലിനും 5% കിഴിവും ബിൽ തുകക്ക് അനുസൃതമായി സമ്മാനങ്ങളും നൽകുന്നുണ്ട്.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  സപ്ലൈകോ കോഴിക്കോട് റീജ്യണൽ മാനേജർ എൻ.രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് കുമാരി ലത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി.ബിജു രാജ്, അഡ്വ.എ.കെ.സുകുമാരൻ, അബ്ദുറഹ്മാൻ, കെ.സത്യനാഥൻ, പ്രശാന്ത് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Reporter
the authorReporter

Leave a Reply