ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെയും ബിജെപി നേതാവായ രഞ്ജിത്തിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം. കൊലപാതക പരമ്പരകൾക്കൊരു അവസാനം വേണം. ആഭ്യന്തരവകുപ്പ് നിഷ്ക്രിയത്വത്തിൽ നിന്ന് ഉണരണം എന്ന് കെ സുധാകരൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ക്രൂരമായ അരുംകൊലപാതകങ്ങൾക്ക് കേരളം തുടരെത്തുടരെ സാക്ഷ്യം വഹിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളെയും, മതത്തെയും മുന്നിൽ നിർത്തി കൊലപാതക സംഘങ്ങളും, കൊട്ടേഷൻ സംഘങ്ങളും കണക്കു തീർത്ത് അഴിഞ്ഞാടുകയാണ്. ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള പോലീസ് സംവിധാനങ്ങൾ അങ്ങേയറ്റം നിഷ്ക്രിയമായിരിക്കുകയാണ്. സർക്കാരിന്റെ ജനവിരുദ്ധ സമരങ്ങൾക്കെതിരെ സമാധാനപരമായി തെരുവിൽ സമരം ചെയ്യുന്നവരെ ചോരയിൽ മുക്കാനുള്ള ഉപകരണം മാത്രമായാണ് കേരളത്തിലെ പോലീസ് സംവിധാനത്തെ ഭരണകൂടം ഉപയോഗിക്കുന്നത്.
ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം. കൊലപാതക പരമ്പരകൾക്കൊരു അവസാനം വേണം. ആഭ്യന്തരവകുപ്പ് നിഷ്ക്രിയത്വത്തിൽ നിന്ന് ഉണരണം.
കൊടി സുനിയുടെയും, കിർമാണി മനോജിന്റെയും നേതാവിനെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണ നിപുണതയും, മിടുക്കുമുള്ള ആരെയെങ്കിലും പോലീസിന്റെ ഭരണം ഏൽപ്പിക്കണം.