ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിനെയും കേരളാ പൊലീസിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ വലിയ തോതിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതിദാരുണമായ കൊലപാതകമാണ് നടന്നത്. പോപുലര്‍ ഫ്രണ്ട് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വര്‍ഗ്ഗീയ കാലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പോപുലര്‍ ഫ്രണ്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആയുധ പരിശീലനവും ഭീകര പ്രവര്‍ത്തനവും നടത്തുന്നു.സമാധാന അന്തരീക്ഷം തകര്‍ക്കുകാണ് ലക്ഷ്യം. അവര്‍ പിന്തുടരുന്നത് താലിബാന്‍ മാതൃകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മിന്റേയും പൊലീസിന്റെയും പിന്തുണ അവര്‍ക്ക് ലഭിക്കുന്നുണ്ട്. പിണറായിയുടെ പൊലീസിന്റെയും സിപിഎം നേതാക്കളുടേയും സഹായം ഉള്ളതാണ് ഇത്തരം പ്രകോപനപരമായ നിലപാടിലേക്ക് നീങ്ങാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്.
പോപുലര്‍ ഫ്രണ്ടിന്റെ ക്രിമിനല്‍ സംഘം കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മൂന്ന് ബിജെപി -ആര്‍എസ് എസ് നേതാക്കളെയാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് സഞ്ജിത്ത് കൊലപാതകത്തില്‍ അടക്കം അന്വേഷണത്തില്‍ പൊലീസ് വലിയ വീഴ്ച വരുത്തിയട്ടുണ്ട്.പൊലീസ് കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ്. സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. പോപുലര്‍ ഫ്രണ്ടിന്റെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. കേരള പൊലീസിന് പോപ്പുലര്‍ ഫ്രണ്ടിന്റെ അതിക്രമങ്ങളെ തടയാന്‍ കഴിയില്ലെങ്കില്‍ അത് കേന്ദ്രത്തെ അറിയിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി ബിജെപി മുന്നോട്ടുപോകുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിനോ ബിജെപിക്കോ പങ്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷമാണ് നിലനിന്നിരുന്നത്. ബിജെപി സംയമനം പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.