Thursday, December 26, 2024
LatestLocal News

വിവാഹത്തിന് മുൻപുള്ള കൗൺസിലിങ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി


കോഴിക്കോട്: രാജ്യത്ത് വിവാഹത്തിന് മുൻപുള്ള കൗൺസിലിങ് നിർബന്ധമാക്കുന്നതിന് വേണ്ടിയുള്ള നിയമം രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.

വിവാഹമോചന വിഷയവുമായി ബന്ധപ്പെട്ട് ദിനംപ്രതി 20 പേരാണ് ആത്മഹത്യ ചെയ്യുന്നതെന്ന നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ഹർജി നൽകിയത്.

ഭരണഘടനയിലെ ആർട്ടിക്കിൾ 21, 39 പരാമർശിച്ചു കൊണ്ട് വിവാഹത്തിന് മുൻപുള്ള കൗൺസിലിങ്ങിന്റെ പ്രസക്തിയെ കുറിച്ച് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിവാഹത്തിന് മുമ്പുള്ള കൗൺസിലിങ് പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും വിവാഹത്തിന് യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുന്നു. സംഘർഷങ്ങൾ പരിഹരിക്കാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ആയതിനാൽ ഇതിനായുള്ളൊരു കോഴ്സ് രൂപകൽപ്പന ചെയ്യാനും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ മാസ്റ്റർ ട്രെയ്നറും ഗ്ലോബൽ ഗുഡ്‌വിൽ അംബാസ്സഡറുമായ ബാബ അലക്സാണ്ടർ ഒപ്പ് വെച്ച ഹർജി അഡ്വ. റോബിൻ രാജു മുഖേനയാണ് ഫയൽ ചെയ്തത്. വിഷയം വരും ആഴ്ചകളിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ റീജണൽ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ന്യൂസ് കോർഡിനേറ്റർ റിൻസി മഠത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply