തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്വൊട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയിൽ മുൻ എംഎൽഎയെ സിബിഐ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായ സിപിഎമ്മും സർക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ്. തുടർച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രൻ പറഞ്ഞു.