കോഴിക്കോട് :നഗരത്തിൽ വാഹനമിടിച്ച് ഗുരുതരാവസ്തയിലായ വൃദ്ധന്റെ ആശുപത്രി പരിചരണത്തിനു അഞ്ചുദിവസം പിന്നിട്ടിട്ടും ബന്ധുക്കളാരും എത്തിയില്ല, പരിക്കേറ്റ വൃദ്ധന് തണലായി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ കരുണ വറ്റാത്ത ഇടപെടലിൽ പോലീസ് കേസെടുത്തു.
നവംബർ 26 രാവിലെ 10.30ന് കോഴിക്കോട് നഗരത്തിൽ വയനാട് റോഡിൽ വൈ.എം.സി.എ ക്രോസ് റോഡ് ജംഗ്ഷന് സമീപം വച്ചാണ് നടന്നു പോകുന്ന വൃദ്ധനെ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. റോഡിൽ രക്‌തം വർന്നുകിടന്നിട്ടും വഴിയാത്രക്കാരും ബസ് ജീവനക്കാരും നോക്കിനിന്നപ്പോൾ അതുവഴി സുഹൃത്തിനൊപ്പം വന്ന മിംസ് ആശുപത്രിയിലെ ക്ലിനിക്കൽ ഫാർമസി തലവയായ അനിതാ ജോസഫ് ആണ് വൃദ്ധനെ എടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചത്. വഴിയാത്രക്കാരെ സഹായത്തിനു വിളിച്ചെങ്കിലും പലരും പിൻവാങ്ങി. അപകടം വരുത്തിയ നരിക്കുനി-കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരും ബസ് നിർത്താതെ പോയി. ഈ സമയം അതുവഴി വന്ന പോലീസ് സഹായത്തോടെ വൃദ്ധനെ അവർ ബീച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ബീച്ച് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വൈകീട്ടോടെ മാറ്റി.
വൈകീട്ട് ജോലികഴിഞ്ഞ് അനിത ജോസഫ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃദ്ധനെ സന്ധർശിച്ചെങ്കിലും വേണ്ട ചികിത്സ കിട്ടിയില്ലന്ന് പറഞ്ഞു. ഒടുവിൽ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടറുമായി സംസാരിച്ചു വാർഡ് 11 ലേക്ക് മാറ്റി ചികിത്സ തുടങ്ങി. തുടർന്ന് ബസുമായി ബന്ധപ്പട്ടവരാരും ഇയാളെ കാണാൻ എത്താത്തതിനാൽ അവർ നടക്കാവ് പോലീസ് സ്റ്റേഷനിൽ രാത്രി 9 മാണിയോടെ എത്തി നിജസ്ഥിതി അറിയിക്കുകയും പൊലീസിനെകൊണ്ടു അപകടത്തിന് കേസെടുപ്പിക്കുകയും ചെയ്തു.
എന്നാൽ വൃദ്ധനെ തിരഞ്ഞ് 5 ദിവസം കഴിഞ്ഞ് ഇതുവരെ ബന്ധുക്കളാരും ആശുപത്രിയിൽ എത്തിയില്ല. ഈ സാഹചര്യത്തിൽ അനിത ജോസഫ് ദിനംപ്രതി സ്വകാര്യ ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി വൃദ്ധന്റെ വിവരങ്ങൾ അറിയും.
കണ്ണൂർ ഇരിട്ടി സ്വദേശിയായ അനിത ജോസഫ് അഞ്ചുവർഷമായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ക്ലിനിക്കൽ ഫാർമസി വിഭാഗത്തിൽ ഹെഡായി പ്രവർത്തിക്കുകയാണ്. ഇരിട്ടിയിലെ പാലിയേറ്റിവ് പ്രവർത്തകരായ ടി.എ. ജോസഫ്, റോസ ജോസഫ് ദമ്പതികളുടെ മകളാണ്. അപകടത്തിൽ പരിക്കേറ്റ വൃദ്ധന്റെ ബന്ധുക്കളാരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് അവർ.