കോഴിക്കോട്: ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർഗാത്മക കഴിവുകളും കലാപ്രതിഭകളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് കെയർ ഫൗണ്ടേഷൻ – കാരുണ്യതീരം, സി.ആർ.സി കോഴിക്കോട്, ദി ബിസിനസ് ക്ലബ് ഇന്റർനാഷണൽ എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാപ്രദർശനവും സാംസ്കാരികോത്സവവുമായ ‘റിഫ്ലക്ഷൻസ് 2026 – ART WITHOUT LIMITS’ ഡിസംബർ 3, 4, 5 തീയതികളിൽ കോഴിക്കോട് ടൗൺ ഹാളിലും കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലുമായി നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ പി.കെ. ഫിറോസ് എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കഴിവുകൾക്കും സർഗാത്മക ആവിഷ്കാരങ്ങൾക്കും അർഹമായ അംഗീകാരവും പ്രോത്സാഹനവും ഉറപ്പാക്കുന്നതിനൊപ്പം കലാരംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും സാമൂഹിക ഉൾച്ചേർക്കലിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് റിഫ്ലക്ഷൻസിന്റെ ലക്ഷ്യം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 ഭിന്നശേഷി കലാകാരന്മാരുടെയും കാരുണ്യതീരം ക്യാമ്പസിലെ നാല് വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കും. ഡിസംബർ 3, 4, 5 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പ്രദർശനം ഉണ്ടായിരിക്കും.

ഡിസംബർ 3-ന് രാവിലെ 10 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം നിർവഹിക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 11 മണിക്ക് “The CRPD at 20: Building on Progress, Advancing the Future” എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും.
വൈകിട്ട് 4 മണി മുതൽ വീൽചെയർ ഒപ്പന, കോൽക്കളി, സൂഫി നൃത്തം എന്നിവയുൾപ്പെടെയുള്ള കലാപരിപാടികളും പ്രതീക്ഷാ ഭവൻ, കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ പ്രകടനങ്ങളും അരങ്ങേറും.
ഡിസംബർ 4-ന് രാവിലെ 10 മണിക്ക് “RPwD @ 10” എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. RPwD Act, 2016-ന്റെ പത്തുവർഷത്തെ പ്രയാണം, നേട്ടങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് ഭിന്നശേഷി സംരംഭകരുടെ വിജയകരമായ അനുഭവങ്ങൾ പങ്കുവെക്കുന്ന “Entrepreneurship and Disability” എന്ന വിഷയത്തിലും പാനൽ ചർച്ച സംഘടിപ്പിക്കും.
ഡിസംബർ 5-ന് രാവിലെ 10 മണി മുതൽ ഭിന്നശേഷി മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖർ പങ്കെടുക്കുന്ന “Detox” ടോക്ക് ഷോ നടക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന റിഫ്ലക്ഷൻസ് മേളയുടെ വിവിധ വേദികൾ മന്ത്രിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സന്ദർശിക്കും.
ഭിന്നശേഷിക്കാരുടെ കലാപരമായ കഴിവുകൾ, അവകാശങ്ങൾ, സ്വയംപര്യാപ്തത, സംരംഭകത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന മേളയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ റിഫ്ലക്ഷൻസ് കൺവീനർ കെ പി. യു. അലി, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി. കെ. എ. ഷമീർ ബാവ, ടി. എം. താലിസ് എന്നിവർ പങ്കെടുത്തു.


