കോഴിക്കോട്: പഠനം കഴിഞ്ഞ് ജോലി തേടുക’ എന്ന പരമ്പരാഗത ചിന്താഗതികൾക്ക് വിരാമമിട്ട്, വിദ്യാർത്ഥിനികൾക്ക് പഠനത്തോടൊപ്പം വരുമാനവും സംരംഭകത്വ വൈദഗ്ധ്യവും ഉറപ്പാക്കുന്ന ‘കുടുംബശ്രീ @ ക്യാമ്പസ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിർവഹിച്ചു. യുവതലമുറയുടെ സാങ്കേതിക മികവും സർഗാത്മകതയും സമന്വയിപ്പിച്ച് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർഥിനികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം നേടാനും സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്താനും അവസരമൊരുക്കുന്നതാണ് കുടുംബശ്രീ @ ക്യാമ്പസ് പദ്ധതി. ക്രിയേറ്റീവ് മേഖല, ഉൽപാദന-സേവന മേഖല, ഐ. ടി ആൻഡ് ടെക്നോളജി എന്നീ മേഖലകളിലാണ് പരിശീലനവും സംരംഭക പിന്തുണയും ലഭ്യമാക്കുക.
ഫിലിം മേക്കിങ്, ഡിജിറ്റൽ മാർക്കറ്റിങ്, കണ്ടന്റ് റൈറ്റിങ്, ഡിസൈനിങ്, എഡിറ്റിങ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ആപ്പ് ബിൽഡിങ്, സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മസംരംഭങ്ങൾ, കൃഷി, കരകൗശല നിർമാണം, ടൂറിസം, ഫാഷൻ, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ പരിശീലനത്തിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവസരമുണ്ടാകും.
കോളേജുകളിൽ വിദ്യാർഥിനികളെ ഉൾപ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക. സംരംഭക ആശയങ്ങളുടെ രൂപീകരണം മുതൽ പരിശീലനം, സംരംഭക പ്രോത്സാഹനം, ധനസഹായം, വിപണന പിന്തുണ എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ കുടുംബശ്രീ ലഭ്യമാക്കും.
കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ 27 കോളേജുകളിൽ നിന്നായി 200-ൽ അധികം വിദ്യാർഥിനികളാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങിൽ മേയർ ഒ സദാശിവൻ, കൗൺസിലർമാരായ സൗഫിയ അനീഷ്, ടി പി എം ജിഷാൻ, സഫറി വെള്ളയിൽ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി വിഘ്നേശ്വരി, അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായർ, സെൻട്രൽ സി ഡി എസ് ചെയർപേഴ്സൺ ജാസ്മിൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റ് നീരജ എന്നിവർ സംസാരിച്ചു.


