കോഴിക്കോട്: റോഡിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ദമ്പതികൾ നാടിന് മാതൃകയായി. പുതിയങ്ങാടി പടിഞ്ഞാറെ വട്ടക്കണ്ടി വികാസ് ഭവനിൽ സന്ദീപ് കുമാറും ഭാര്യ വിനീതയുമാണ് തങ്ങളുടെ സത്യസന്ധതയിലൂടെ നാട്ടുകാരുടെയും പൊലീസിന്റെയും പ്രശംസ പിടിച്ചുപറ്റിയത്.
കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് വെസ്റ്റ് ഹിൽ ചുങ്കത്ത് റോഡിൽ ആറ് പവൻ തൂക്കം വരുന്ന സ്വർണമാല വീണുകിടക്കുന്നത് സന്ദീപിന്റെ ശ്രദ്ധയിൽപ്പെട്ടത്. വൈകീട്ടോടെ സന്ദീപ് ഭാര്യയെയും കൂട്ടി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി ആഭരണം റോഡിൽ നിന്ന് ലഭിച്ചതാണെന്ന് വ്യക്തമാക്കി പൊലീസ് ഉദ്യോഗസ്ഥരെ ഏല്പിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ആഭരണം എടക്കാട് സ്വദേശിയും കെ എസ് എഫ് ഇ ജീവനക്കാരിയുമായ ഇന്ദുവിന്റേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആഭരണത്തിന്റെ ഉടമയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സന്ദീപ്, ഭാര്യ വിനീത, മക്കളായ കൃഷ്ണനന്ദ, വിഷ്ണു എന്നിവർ ചേർന്ന് സ്വർണമാല ഉടമയ്ക്ക് കൈമാറി. കളഞ്ഞുപോയ ആഭരണം തിരികെ ലഭിച്ചതിൽ സന്ദീപിനും കുടുംബത്തിനും ഇന്ദു നന്ദി അറിയിച്ചു. നടക്കാവ് ഇൻസ്പെക്ടർ ജംഷിദ് പി, എ എസ് ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാഹുൽ, സിവിൽ പൊലീസ് ഓഫീസർ നിഷോബ് എന്നിവരും ചേർന്നാണ് ആഭരണം കൈമാറിയത്. സന്ദീപിന്റേയും കുടുംബത്തിന്റേയും ഉയർന്ന പൗരബോധത്തെയും സത്യസന്ധതയെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.


