തൃശൂർ: ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നത് വലിയൊരു എടുത്തുചാട്ടമായിപ്പോയെന്നും ആ തെറ്റ് തിരുത്തുകയാണെന്നും വ്യക്തമാക്കിയാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. പാർട്ടിയുടെ ആശയങ്ങളുമായി യോജിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് പത്മജയുടെ വിശദീകരണം. ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെയാണ് അങ്ങോട്ട് പോയത്. തെറ്റ് തിരുത്തുന്നു. ആലോചിക്കാതെയാണ് ബിജെപിയിലേക്ക് പോയതെന്നും പത്മജ വിശദീകരിച്ചു. ഇതോടെ പത്മജ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.
കെ കരുണാകരന്റെ മകളായ പത്മജ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയത് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ബിജെപിയിൽ എത്തിയതിന് പിന്നാലെ കടുത്ത അവഗണനയും ആശയപരമായ പൊരുത്തക്കേടുകളുമാണ് നേരിടേണ്ടി വന്നത്. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളുമായി പൊരുത്തപ്പെടാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോൾ പത്മജ പാർട്ടി വിടുന്നത്. അതേസമയം കോൺഗ്രസിലേക്ക് മടങ്ങാനുള്ള പത്മജയുടെ നീക്കത്തിനെതിരെ തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. പത്മജയെ പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.
ബിജെപിയിൽ നിന്ന് പത്മജ വേണുഗോപാൽ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.


