നിർമ്മല്ലൂർ: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നിർമ്മല്ലൂർ – കാട്ടാംവള്ളി കോട്ടക്കുന്ന് ഉന്നതിയിൽ പട്ടികജാതി വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലയിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കാൻ വി ടി സൂരജ് എംഎൽഎ കർശന നിർദ്ദേശം നൽകി. പദ്ധതി പ്രവൃത്തിയിടങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് എംഎൽഎ ഉത്തരവിട്ടത്.
രണ്ടു വർഷം മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന റോഡ് നിർമ്മാണം അനാവശ്യമായി നീണ്ടുപോയത് പ്രദേശവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. നിലവിൽ താത്കാലികമായി നിലച്ചിരിക്കുന്ന പ്രവർത്തനം മഴ മാറിയാലുടൻ പണി പുനരാരംഭിക്കാനും, രണ്ട് വർഷത്തോളമായി നേരിടുന്ന കാലതാമസം പരിഹരിച്ച് അടുത്ത രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർണ്ണമായി പൂർത്തിയാക്കാനും എംഎൽഎ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. വർഷങ്ങളായി നീളുന്ന യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ എംഎൽഎ നേരിട്ടെത്തി ഇടപെട്ടതിൽ വലിയ ആശ്വാസത്തിലും പ്രതീക്ഷയിലുമാണ് പ്രദേശവാസികൾ.









