കോഴിക്കോട്:വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസും കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപത്തട്ടിപ്പുകേസും അന്വേഷിക്കുന്ന കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മനോഹരന് സ്ഥലംമാറ്റം. കോഴിക്കോട് സിറ്റി സൈബർ പോലീസിൽ എ.സി.പി.യായാണ് ഇദ്ദേഹത്തിന്റെ നിയമനം.സംസ്ഥാനത്താകെ 161 ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമുണ്ട്. ഇതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ മാറ്റവും. രണ്ടു കേസുകളുടെയും അന്വേഷണം നിർണായകഘട്ടത്തിലെത്തി നിൽക്കുന്ന സമയത്താണിത്.
നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ജനുവരിയിലാണ് ഇദ്ദേഹം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യായി ചുമതലയേറ്റത്. കഴിഞ്ഞ ജൂണിലാണ് രണ്ട് പ്രമാദകേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കാഫിർ സ്ക്രീൻഷോട്ട് കേസ് പുനരന്വേഷിക്കാൻ സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു.
കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപത്തട്ടിപ്പിന് ഇരയായ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തതിനുപിന്നാലെ സൊസൈറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന് വിട്ടു.കാഫിർക്കേസിൽ ടി. മനോ ഹരന്റെ നേതൃത്വത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റുചെയ്തു. സൊസൈറ്റി കേസിലും മൂന്നു പേർ അറസ്റ്റിലായി. രണ്ടുകേസിലും കൂടുതൽ അറസ്റ്റുകൾ നടക്കാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ മാറ്റം.
സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയായിരുന്ന എൻ. രാജേഷ് കുമാറാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ ഡിവൈ.എസ്.പി.








