AgricultureLatestTourism

ഇന്ന് ലോക തേനീച്ച ദിനം. . .  ഉസ്മാൻ മദാരിയുടെ ജീവിതത്തിൽ മധുരം നിറച്ചത് തേനീച്ചകൾ

Nano News

കെ.കെ ജയേഷ്

കോഴിക്കോട്: ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഉസ്മാൻ മദാരി ജീവിത്തിൽ ഉന്നതങ്ങളിലെത്തിയത്. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ട് ജീവിതത്തിൽ മധുരം നിറയ്ക്കാൻ ഉസ്മാൻ മദാരിയെ സഹായിച്ചതാവട്ടെ ശുദ്ധമായ തേനും തേനീച്ചകളും. ലോക തേനീച്ച ദിനത്തിൽ തന്റെ ജീവിതത്തിൽ വിജയം സമ്മാനിച്ച തേനീച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് ഉസ്മാൻ.
വയനാട് പഴയ വൈത്തിരി സ്വദേശിയാണ് ഉസ്മാൻ മദാരി. പത്താം ക്ലാസ് കഴിഞ്ഞ് തയ്യൽ ജോലികളുമായി കഴിയവെയാണ് അവിചാരിതമായി തേനീച്ചകളുടെ ലോകത്തേക്കെത്തുന്നത്.

ഒരു പരിശീലന ക്ലാസിൽ പങ്കെടുത്തതോടെയാണ് ജീവിതം മാറി മറിയുന്നത്. ക്ലാസിൽ നിന്നു ലഭിച്ച ഊർജവുമായി തേൻ വില്പനയിലേക്ക് കടക്കുകയായിരുന്നു. കാറിൽ കടകളിലെത്തിച്ച് നൽകിയായിരുന്നു തുടക്കം. പിന്നീടാണ് വൈത്തിരിയിൽ തേൻ കടയെന്ന ബ്രാൻഡഡ് ഔട്ട് ലെറ്റ് ആരംഭിച്ചത്. എന്നാൽ നിർഭാഗ്യം അദ്ദേഹത്തെ പിന്തുടർന്നു. 2018 ലെ മഹാ പ്രളയത്തിൽ ഈ കട തകർന്നു. എന്നാൽ തിരിച്ചടികളിൽ തളരാതെ ഉസ്മാൻ ഔട്ട് ലെറ്റ് പുനരാരംഭിച്ചു. ഇതിലൊതുങ്ങിയില്ല തേനിനൊപ്പമുള്ള യാത്ര. വൈത്തിരിയിൽ അദ്ദേഹം പിന്നീടൊരുക്കിയത് തേനീച്ചകളെയും തേനിനെയും കറിച്ച് സമ്പൂർണ അറിവ് പകരുന്ന ഹണി മ്യൂസിയം.

 


വയനാട് പഴയ വൈത്തിരിയിലെ ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തിലെത്തിയാൽ തേനീച്ചകളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനും വൈവിധ്യമാർന്ന തേനുകൾ രുചിച്ചു നോക്കാനുമെല്ലാം അവസരം ലഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തേൻ തേടിയും തേനീച്ചകളെപ്പറ്റി അറിയാനും നിരവധി ആളുകൾ ഉസ്മാനെ തേടി ഇവിടേക്കെത്തുന്നു. രാജ്യത്ത് തന്നെ ആദ്യത്തെ ഹണി മ്യൂസിയം കൂടിയാണ് ഉസ്മാൻ മദാരി വയനാട്ടിൽ ഒരുക്കിയിട്ടുള്ളത്. തന്റെയും ഒപ്പമുള്ളവരുടെയും ജീവിതത്തിൽ മധുരം നിറയ്ക്കുകയായിരുന്നു തേനീച്ചകളെന്ന് ഉസ്മാൻ പറയുന്നു. നേരിട്ട് മുപ്പതോളം പേർക്കും പരോക്ഷമായി അമ്പതിലധികം പേർക്കും തൊഴിൽ നൽകുന്ന ഈ മ്യൂസിയം രാജ്യമെമ്പാടുമായി ആയിരക്കണക്കിന് തേനീച്ച കർഷകർക്കും അത്താണിയാവുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിക്കുന്ന തേൻ സംസ്കരിച്ച് ശുദ്ധീകരിച്ചാണ് ആളുകളിലേക്കെത്തിക്കുന്നതെന്ന് ഉസ്മാൻ പറയുന്നു.


തേനീച്ചകൾ സ്വയം ശുദ്ധീകരിച്ച് കൂട്ടിൽ ശേഖരിക്കുന്ന തേനിൽ പക്ഷെ, മനുഷ്യൻ ഇടപെടുമ്പോൾ ജൈവമാലിന്യം കലരും. മെഴുകുൾപ്പെടെ നിറഞ്ഞ തേനിൽ നിന്ന് ശാസ്ത്രീയ രീതിയിലുള്ള ശുദ്ധീകരണത്തിലൂടെ ഇവയെല്ലാം ഒഴിവാക്കുകയാണ് ഹണി മ്യൂസിയത്തിൽ ചെയ്യുന്നത്. തങ്ങൾക്ക് ലഭിക്കുന്നത് നല്ല തേനാണോ എന്ന ആളുകളുടെ ചോദ്യമാണ് ഹണി മ്യൂസിയത്തിലേക്കെത്തിച്ചതെന്ന് ഉസ്മാൻ പറഞ്ഞു.
ലോകത്ത് അപൂർവമായി മാത്രം ലഭിക്കുന്നതം പെരും തേനീച്ചയിൽ നിന്ന് ശേഖരിക്കുന്നതുമായ സിദർ ഹണി, ഞെടിയൻ ഈച്ചയിൽ നിന്ന് ശേഖരിക്കുന്ന കാട്ടുതേൻ, പശ്ചിമഘട്ടത്തിലെ കാട്ടു തേനീച്ചകളിൽ നിന്ന് ലഭിക്കുന്ന ബ്ലാക്ക് ഫോറസ്റ്റ് ഹണി, ഗാർളിക് ഹണി, ഡ്രൈ ഫ്രൂട്ട് ഹണി, ചെറു തേൻ, വലിയ തേൻ, പുറ്റ് തേൻ, കടുക് പൂന്തേൻ, ലിച്ചി പൂന്തേൻ, അയമോദകം തേൻ, സ്റ്റിൻഗ്ലസ് ഹണി. . ഉസ്മാൻ പരിചയപ്പെടുത്തുന്ന തേനുകളുടെ വൈവിധ്യമിങ്ങനെ തുടരുകയാണ്. തേനീച്ചകളുടെ കഥകൾ കേൾക്കാനും തേൻ ശുദ്ധീകരിക്കുന്ന ആധുനിക മെഷീനുകളുടെ പ്രവർത്തന രീതി അടുത്തറിയാനും തേൻ ശേഖരണത്തിനുള്ള പ്രത്യേക സജ്ജീകരണങ്ങൾ കണ്ടു മനസിലാക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. മ്യൂസിയം കൂടുതൽ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഉസ്മാൻ. പൂക്കോട് തടാകത്തിനടുത്ത് അഞ്ചേക്കറിൽ വിപുലമായ ഹണി മ്യൂസിയത്തിന്റെ പണി അവസാനഘട്ടത്തിലാണ്. തേനിന് പുറമെ പുരാവസ്തു മ്യൂസിയവും ഗ്രാമഫോൺ മ്യൂസിയവുമെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്. ഓഗസ്റ്റ് മാസത്തോടെ മ്യൂസിയം സഞ്ചാരികൾക്ക് തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഉസ്മാൻ പറയുന്നു. തേനീച്ചകൾക്കൊപ്പമുള്ള യാത്രകൾക്ക് കരുത്തായി ഉസ്മാൻ മദാരിക്കൊപ്പം ഭാര്യ നജ്മുന്നിസയും കൂടെയുണ്ട്.


Reporter
the authorReporter

Leave a Reply