കണ്ണൂർ:പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ചെവ്വാഴ്ച പുലർച്ചെ കണ്ണൂർ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പീർ മുഹമ്മദ്. 1945 ജനുവരി 8ന് തമിഴ്‌നാട് തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് നന്നേ ചെറുപ്പത്തിൽ കേരളത്തിലേക്കെത്തുകയും മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകുകയും ചെയ്തു.
ഒട്ടകങ്ങൾ വരിവരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതാണ്.എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ‘കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ…’ (സിനിമ: അന്യരുടെ ഭൂമി), കെ. രാഘവന്റെ സംഗീതത്തിൽ ‘നാവാൽ മൊഴിയുന്നേ…’ (തേൻതുള്ളി) എന്നീ സിനിമാഗാനങ്ങൾ പാടി.
1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ ചെന്നൈ നിലയത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീർ
മുഹമ്മദ്. കേരളത്തിലും ഗൾഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മൽസരങ്ങളിൽ വിജയിയായിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് വളപട്ടണം മന്ന ഖബർസ്ഥാനിൽ നടക്കും.