നാദാപുരം: കേരളത്തിൽ മൂന്നാം ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് പിണറായി സർക്കാർ നേതൃത്വം നൽകിയത്. വലിയ പാരമ്പര്യമുള്ള രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കേന്ദ്ര സർക്കാർ തിരുത്തിയെഴുതുന്നത്. ചരിത്രത്തിന്റെ ഏടുകളിലെ സുവർണ കാലഘട്ടങ്ങൾ ഉൾപ്പെടെ അവർ മാറ്റിയെഴുതുന്നു. അപ്പോഴെല്ലാം മുഗൾ കാലഘട്ടവും ഗാന്ധിയെക്കുറിച്ചുമെല്ലാം ഞങ്ങൾ പഠിപ്പിക്കുമെന്ന് ആത്മാഭിമാനത്തോടെ പറഞ്ഞത് സംസ്ഥാന സർക്കാറാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കേന്ദ്ര സർക്കാറിന്റെയും വർഗീയ ശക്തികളുടെയും നീക്കങ്ങൾ ഉണ്ടാവുമ്പോൾ അതിനെ ചെറുത്തതും കേന്ദ്ര അവഗണനയ്ക്കിടയിലും നാടിനെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തിയതും ഈ സർക്കാരാണ്. വർഗീയ സംഘർഷങ്ങളെോ സംഘട്ടനങ്ങളോ ഇല്ലാത്തതായിരുന്നു ഇടത് ഭരണകാലം. കൂടുതൽ ഉയരങ്ങളിലേക്ക് നാടിനെ കൊണ്ടുപോകാൻ ആ സർക്കാറിന് ഭരണത്തുടർച്ച ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി വസന്തത്തിന്റെ വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിച്ച് കല്ലാച്ചിയിൽ നടന്ന എൽഡിഎഫ് നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി മോഹനൻ.
തീപാറുന്ന സമരങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നാടിന്റെ ആത്മാഭിമാനം ആർക്കു മുമ്പിലും അടിയറ വെക്കാൻ നാദാപുരം തയ്യാറാകില്ല. നാദാപുരത്തിന് അഭിമാനകരമായ ചരിത്ര പൈതൃകമുണ്ട്. എവിടെ നിന്നോ വന്നിറങ്ങിയവർ ഉണ്ടാക്കിയതല്ല അത്. എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട മനുഷ്യർ ഇവിടെ ഉണ്ടായിരുന്നു. പോരാട്ടങ്ങളിലൂടെ, ആത്മസമർപ്പണങ്ങളിലൂടെ, ജീവ ത്യാഗങ്ങളിലൂടെ മഹാരഥൻമാരായ നേതാക്കളാണ് വെല്ലുവിളികളെ നേരിട്ട് ആ നാടിനെ ഇന്നത്തെ നാദാപുരമാക്കി മാറ്റിയത്. നാടിന്റെ അഭിമാനത്തെ നിഷേധിക്കാനും അതിന് നേരെ കൊഞ്ഞനം കുത്താനും ഒരു ശക്തികളെയും അനുവദിക്കില്ല. കോൺഗ്രസിന്റെയും ലീഗിന്റെയും കാൽക്കീഴിൽ ആത്മാഭിമാനം അടിയറ വെക്കാൻ നാദാപുരത്തെ ജനത തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ പി മോഹനൻ എംഎൽഎ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സ്ഥാനാർത്ഥി അഡ്വ. പി വസന്തം, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ബോബി മൂക്കൻതോട്ടം, സമദ് നരിപ്പറ്റ, പി രാധാകൃഷ്ണൻ, ബിജു കായക്കൊടി, സി എം മാത്യു, കരിമ്പിൽ വസന്ത, എ മോഹൻദാസ് എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ പി പി ചാത്തു സ്വാഗതം പറഞ്ഞു.










