General

അസംസ്കൃത വസ്തുക്കളുടെ വിലവർധനവ്: ചെരിപ്പുകള്‍ക്ക് പത്ത് ശതമാനം വില വർധിക്കും

Nano News

കോഴിക്കോട്: അസംസ്കൃത വസ്തുക്കളുടെ വിലവർധനവിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചെരിപ്പുകള്‍ക്ക് വില വര്‍ധിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ചെരിപ്പുകളുടെ വിലയില്‍ പത്ത് ശതമാനം വില വര്‍ധിപ്പിക്കാനാണ് പാദരക്ഷാ നിർമാണ മേഖലയിലെ സംരംഭകരുടെ കൂട്ടായ്മയായ ഫൂട്ട് വെയർ മാനുഫാക്ചേഴ്സ് അസോസിയഷൻ ഓഫ് കേരളയുടെ തീരുമാനം. 23 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. പാദരക്ഷാ വ്യവസായ മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായതെന്ന് ഫൂട്ട് വെയർ മാനുഫാക്ചേഴ്സ് അസോസിയഷൻ ഓഫ് കേരള (ഫൂമ)യും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൂട്ട് വെയർ ഇന്റസ്ട്രിയും വ്യക്തമാക്കി. ഗൾഫ് മേഖലയിലടക്കം തുടരുന്ന യുദ്ധ സാഹചര്യങ്ങളും ആഗോള പ്രതിസന്ധികളുമാണ് അസംസ്കൃത വസ്തുക്കളുടെ വില വർധനവിന് കാരണം. പോളിയൂറത്തീൻ, സിന്തറ്റിക് റെക്സിൻ റബ്ബർ, പി വി സി, ഇ വി എ, പശ, വിവിധ തരം കെമിക്കലുകൾ, പാക്കിംഗ് മെറ്റീരിയലുകൾ എന്നിവയ്ക്കാണ് വില വർധിച്ചത്. വലിയ തോതിൽ ക്ഷാമവും നേരിടുന്നുണ്ട്. ഗതാഗത മേഖലയിലുണ്ടായ വർധവും മേഖലയെ സാരമായി ബാധിച്ചതായി സംഘടന വ്യക്തമാക്കി. സംസ്ഥാനത്ത് നൂറിലധികം ചെറുകിട കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളും മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്.
എൽപി ജി ക്ഷാമം മൂലം തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നത് വരും നാളിൽ മേഖല പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നയിക്കും. തകർച്ചയിൽ നിന്ന് രക്ഷിക്കാന‍് സർക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടികൾ ഉണ്ടാവണമെന്നും ഫൂമ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൂട്ട് വെയർ ഇന്റസ്ട്രി ഭാരവാഹികൾ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply