LatestPolitics

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മത്സരക്കളത്തിലേക്ക് ഇടതു മുന്നണി

Nano News

കോഴിക്കോട്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി മത്സരക്കളത്തിലിറങ്ങി. കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, എലത്തൂർ സീറ്റുകൾ ഒഴികെ മറ്റ് സീറ്റുകളിലെല്ലാമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ കൂടിയായ നിലവിലെ എംഎൽഎ ടി പി രാമകൃഷ്ണൻ ജനവിധി തേടും.

സിപിഐ എം കേന്ദ്രകമ്മറ്റിയംഗമായ ടി പി രാമകൃഷ്ണൻ 2016–21ലെ പിണറായി മന്ത്രിസഭയിൽ എക്സൈസ്, തൊഴിൽ മന്ത്രിയായി പ്രവർത്തിച്ചു. നിയമസഭയിലേക്ക് നാലാമങ്കം. 10 വർഷം സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റാണ്. അടിയന്തരാവസ്ഥ കാലത്ത് കക്കയം ക്യാമ്പിൽ കൊടിയ മർദനത്തിനിരയായി. വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തെത്തി.

പൊതുമരാത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ബേപ്പൂരിലെ സ്ഥാനാർത്ഥി.

നിയമസഭയിലേക്ക് രണ്ടാമങ്കം കുറിക്കുന്ന റിയാസ്
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ മുഹമ്മദ് റിയാസ് 2009ൽ കോഴിക്കോട് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. വിദ്യാർഥി–യുവജന സമരങ്ങളിൽ പങ്കെടുത്ത് നൂറുദിവസത്തോളം ജയിൽവാസം അനുഭവിച്ചു.

കുറ്റ്യാടിയിലെ സ്ഥാനാർത്ഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്കും രണ്ടാമങ്കമാണ്.

സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവും കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗവുമാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. ഡിവൈഎഫ്ഐയുടെയും കർഷകസംഘത്തിന്റെയും ജില്ലാ പ്രസിഡന്റായിരുന്നു. സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റിവ് ജില്ലാ ചെയർമാനാണ്.

2011 ലും 2016ലും കൊയിലാണ്ടിയെ പ്രതിനിധീകരിച്ച കെ ദാസൻ ആണ് കൊയിലാണ്ടിയിലെ സ്ഥാനാർത്ഥി.

സിപിഐ എം ജില്ലാ കമ്മറ്റിയംഗമായിരുന്ന ദാസൻ നിലവിൽ കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗമാണ്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും ചെത്തുതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറിയും മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റും മുൻസിപ്പൽ, കോർപ്പറേഷൻ കണ്ടിജൻസി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റുമാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. 2000 മുതൽ 2010 വരെ കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്നു.

തിരുവമ്പാടിയിൽ മത്സരിക്കുന്ന ലിന്റോ ജോസഫിന് രണ്ടാമങ്കമാണ്.

സിപിഐ എം ജില്ലാ കമ്മറ്റിയംഗം. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിഅംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം കൂടരഞ്ഞി, കൂമ്പാറ ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു.

ബാലുശ്ശേരിയിൽ ജനിവിധി തേടുന്ന അഡ്വ. കെ എം സച്ചിൻദേവിനും രണ്ടാമങ്കം.

സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗവുമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായി പ്രവർത്തിച്ചു. നിയമ ബിരുദധാരി. നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.

കോഴിക്കോട് നോർത്തിലെ സ്ഥാനാർത്ഥിയായ തോട്ടത്തിൽ രവീന്ദ്രൻ സിപിഐ എം വെസ്റ്റ്ഹിൽ ലോക്കൽ കമ്മറ്റിയംഗമാണ്.

കോഴിക്കോട് കോർപറേഷൻ മേയറായി നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 26 വർഷം കോർപറേഷൻ കൗൺസിലറായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായും പ്രവർത്തിച്ചു.

നിയമസഭയിലേക്ക് കന്നിയങ്കമാണ് നാദാപുരത്തെ സ്ഥാനാർത്ഥി അഡ്വ. പി വസന്തത്തിന്.

സി പി ഐ സംസ്ഥാന എക്സി. അംഗവും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമാണ്. എഐഎസ് എഫ്, എഐവൈഎഫ് സംഘടനകളുടെ സംസ്ഥാന എക്സി. അംഗമായും പ്രവർത്തിച്ചു. 1988 ൽ എഐവൈ എഫ് നേതൃത്വത്തിൽ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട് നിന്ന് തിരുവനന്തപുരം വരെ നയിച്ച വനിതാ മാർച്ചിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. നിലവിൽ മഹിളാ സംഘം സംസ്ഥാന പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്. സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗമായും 2025 ൽ ചെയർപേഴ്സണായും പ്രവർത്തിച്ചു.

കോഴിക്കോട് സ‍ൗത്തിൽ ഐ എൻ എലിന്റെ അഹമ്മദ് ദേവർകോവിൽ മത്സരിക്കും.

രണ്ടാം പിണറായി സർക്കാരിൽ ആദ്യരണ്ടരവർഷം തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. രണ്ടാമങ്കം. ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമാണ്. അടിയന്തരവസ്ഥയിൽ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചു. മൂന്നര പതിറ്റാണ്ടായി കോഴിക്കോട്ടെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ സജീവമാണ്. ഉറുദു, ഹിന്ദി, ഇംഗ്ലീഷ്. തമിഴ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.

കുന്ദമംഗലത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി ടി എ റഹീമിന് തുടർച്ചയായ അഞ്ചാമങ്കമാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് പാർടി വിട്ടു. 2006 ൽ കൊടുവള്ളിയിൽ ആദ്യ മത്സരം. 2011ലും 2016ലും 2021ലും കുന്നമംഗലത്ത് എൽഡിഎഫ് സ്വതന്ത്രനായി ജയിച്ചു. 12 വർഷം കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നാഷണൽ സെക്യുലർ കോൺഫറൻസ് സംസ്ഥാന പ്രസിഡന്റാണ്.


Reporter
the authorReporter

Leave a Reply