കോഴിക്കോട്: അപകടാവസ്ഥയിലുള്ള കല്ലായ് പോസ്റ്റോഫീസ് കെട്ടിടം ഉടൻ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ കല്ലായ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനകീയ സദസ് സംഘടിപ്പിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാലപ്പഴക്കത്തെ തുടർന്ന് എപ്പോൾ വേണമെങ്കിലും പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ് കെട്ടിടം. അതിനാൽ കാലവർഷം ആരംഭിക്കുന്നതിന് മുന്നേ ബന്ധപ്പെട്ട പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് കെട്ടിടം പൊളിച്ചുനീക്കണമെന്ന് ജനകീയ സദസിൽ സിപിഐ ആവശ്യപ്പെട്ടു. സൗത്ത് മണ്ഡലം സെക്രട്ടറി പി ആസീസ് ബാബു, പൗരസമിതി ഭാരവാഹി സലാം വെള്ളയിൽ, യു സതീശൻ, എം മുഹമ്മദ് ബഷീർ, ഒ പ്രശാന്ത്, കെ നാസർ, ഷംസുദ്ദീൻ, ഇ കൽപ്പദത്ത്, ഇഷാക് കടലുണ്ടി എന്നിവർ സംസാരിച്ചു.










