General

ഇടതു സർക്കാർ തുടരേണ്ടത് അനിവാര്യം: ഗോവിന്ദൻ പള്ളിക്കാപ്പിൽ

Nano News

ബാലുശ്ശേരി: കേരളത്തിലെ ഇടതു സർക്കാർ തുടരേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ. നാടിന്റെ മുഖച്ഛായ മാറ്റിയ നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്. അതിനെല്ലാം തുടർച്ച ഉണ്ടാവേണ്ടതുണ്ട്. ക്ഷേമ പ്രവർത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലുമെല്ലാം കൃത്യമായ ഇടപെടൽ സർക്കാർ നടത്തി. പുതിയ പാലങ്ങളും നവീകരിച്ച വിദ്യാലയങ്ങളും ആശുപത്രികളുമെല്ലാമായി നാടിനെ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു ഇടതു സർക്കാർ. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കിടയിലും അതിനെയെല്ലാം നേരിട്ട് മുമ്പോട്ടുപോകാനും സർക്കാറിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നടുവണ്ണൂർ ഗ്രീൻ പരൈസോ ഓഡിറ്റോറിയത്തിൽ നടന്ന സിപിഐ ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കും കോൺഗ്രസ് കഴിഞ്ഞ കാലങ്ങളിൽ തുടർന്നുവന്ന കോർപറേറ്റ് അനുകൂല നയങ്ങൾക്കും ബദലായി കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ സർക്കാർ രാജ്യത്തിനാകെ മാതൃകയാണെന്നും ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. ചടങ്ങിൽ സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി എം ശശി അധ്യക്ഷത വഹിച്ചു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി ആർ ശശി, ആദർശ് പുതുശ്ശേരി, ഷൈനി അശോക് സംസാരിച്ചു.


Reporter
the authorReporter

Leave a Reply