പയ്യോളി: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസന് നാടിന്റെ അന്ത്യാഞ്ജലി. രാഷ്ട്രീയ- സാമൂഹ്യ- സാംസ്ക്കാരിക- കായിക മേഖലയിലെ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ പിലാവുള്ളകണ്ടി തെക്കെ പറമ്പിൽ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി സന്തോഷ് കുമാർ എം പിയ്ക്ക് വേണ്ടി സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് റീത്ത് സമർപ്പിച്ചു. എം കെ രാഘവൻ എം പി, പി വി അബ്ദുൽ വഹാബ് എം പി, സി സദാനന്ദൻ എം പി, കെ കെ രമ എംഎൽഎ, രാഷ്ട്രീയ നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, എ പി അബ്ദുള്ളക്കുട്ടി, വി കെ സജീവൻ, വത്സൻ തില്ലങ്കേരി, വടകര ആർ ഡി ഒ അൻവർ സാദത്ത്, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ, പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ, കൊയിലാണ്ടി നഗരസഭ ചെയർമാൻ ടി കെ ചന്ദ്രൻ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ കെ ഫൈസൽ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, വോളിബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സി സത്യൻ, കായികതാരങ്ങളായ ടിന്റു ലൂക്ക, ജിൻസൺ ജോൺസൺ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, ജില്ലാ എക്സി. അംഗം ടി എം ശശി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മൃതദേഹം ഇന്നലെ വൈകീട്ട് നാലിന് വീട്ടു വളപ്പിൽ സംസ്ക്കരിച്ചു. തുടർന്ന് പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ അനുശോചന യോഗം ചേർന്നു.










