കോഴിക്കോട്: വരാനിരിക്കുന്ന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു. ഡി.എഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കാൻ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ജില്ലാ പ്രസിഡൻ്റ് പി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സുധീന്ദ്രകുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി ചെക്കുട്ടി, സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് അലക്സാണ്ടർ സാം , രക്ഷാധികാരി സി.എം കൃഷ്ണ പണിക്കർ, ജനറൽ സെക്രട്ടറി കെ.പി വിജയകുമാർ,കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, സീനിയർ ജേണലിസ്റ്റ്സ് ഫോറം വൈസ് പ്രസിഡൻ്റ് ഹരിദാസൻ പാലയിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് അശോക് ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.










