Sunday, December 22, 2024
GeneralLatestTourism

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട്:ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ
ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലിടം നേടിയ തുറമുഖ പട്ടണമാണ് ബേപ്പൂരെന്നും ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് നടക്കുന്നതോടെ ബേപ്പൂരിന് പഴയ പ്രതാപത്തിലേക്ക് എത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂരിൽ
വലിയ മാറ്റത്തിനായി തുറമുഖം, ഫിഷറീസ്, ടൂറിസം വകുപ്പുകൾ സംയുക്‌തമായി തയ്യാറായി കൊണ്ടിരിക്കുകയാണ്. കോഴിക്കോടിൻ്റെ ഭക്ഷണ വൈവിധ്യങ്ങൾ വിദേശികൾക്കും സ്വദേശികൾക്കും മുന്നിലെത്തിക്കാൻ നാം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് രാജ്യത്തിന്റെ കവാടം എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് ബേപ്പൂരെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങിൽ
അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേപ്പൂർ തുറമുഖവും ഉരു നിർമ്മാണ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കാൻ ഈ സർക്കാറിന് സാധിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം, രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ ലിറ്റററി സര്‍ക്യൂട്ട് സംവിധാനം തുടങ്ങി ബേപ്പൂരിന്റെ വിനോദസാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശുചിത്വത്തിന് പ്രാധാന്യം നൽകിയാവണം നാം സഞ്ചാരികളെ വരവേൽക്കേണ്ടതെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ വാട്ടർ ഫെസ്റ്റ് വമ്പിച്ച വിജയമാക്കണമെന്ന് ജില്ലാ
കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് കർട്ടൻ റൈസർ വീഡിയോ മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രകാശനം ചെയ്തു.

ബേപ്പൂർ ഹാർബർ എഞ്ചിനീയറിങ് ഓഫീസാണ് സംഘാടക സമിതി ഓഫീസായി പ്രവർത്തിക്കുക.

വിവിധ ജല മേളകൾക്കാണ് ഡിസംബർ 26 മുതൽ 31 വരെ ബേപ്പൂർ മറീന വേദിയാവുക. ഫെസ്റ്റിന്റെ ഭാഗമായി ജല കായിക ഇനങ്ങൾ കൂടാതെ എല്ലാ ദിവസവും വൈകീട്ട് സംഗീത നിശ, മലബാര്‍ രുചി വൈവിധ്യങ്ങളോടു കൂടിയ ഭക്ഷ്യമേള, കരകൗശല പ്രദർശനങ്ങൾ, വ്യത്യസ്തങ്ങളായ കലാ പ്രകടനങ്ങൾ, ഫ്ളീ മാർക്കറ്റ് തുടങ്ങിവയും ഒരുക്കും. ഫെസ്റ്റിന് മുന്നോടിയായി ശനിയാഴ്ചകളിൽ പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും.

ബേപ്പൂർ ഹാർബറിൽ നടന്ന ചടങ്ങിൽ സബ് കലക്ടർ വി.ചെൽസസിനി, ഡി ഡി സി അനുപം മിശ്ര, ഡി സി പി സ്വപ്നിൽ എം മഹാജൻ, ടൂറിസം ജോയിൻ്റ് ഡയറക്ടർ സി.എൻ.അനിതകുമാരി, അസി കമ്മീഷണർ എ.എം.സിദ്ദീഖ്, സി. കെ. പ്രമോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply