കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച ആക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ കല്ലായ് റോഡിലെ സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം നടക്കുന്ന വിവരമറിഞ്ഞെത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാരെ അതിക്രൂരമായാണ് നേതാക്കളുടെ നേതൃത്വത്തിൽ മർദ്ദിച്ചത്. സാജന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. കഴുത്തിനും പുറത്തും മർദ്ദനമേറ്റ സാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സി. ആർ. രാജേഷ്, കൈരളി ടി.വി റിപ്പോർട്ടർ മേഘ മാധവൻ എന്നിവർക്കു നേരെയും അതിക്രമമുണ്ടായി. മാധ്യമ പ്രവർത്തകർക്കു നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെ നടക്കുന്ന കൈയ്യേറ്റങ്ങൾ അത്യന്ത്രം അപലപനീയമാണെന്നും മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാവില്ലെന്നും ജില്ലാ പ്രസിഡൻറ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്.രാകേഷും പ്രസ്താവനയിൽ വ്യക്തമാക്കി.
ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് വാ തോരാതെ സംസാരിക്കുന്നവർ തന്നെ മാധ്യമ പ്രവർത്തകരെ തടയുന്നതും മർദ്ദിക്കുന്നതും പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കോൺഗ്രസ് നേതൃത്വം സംഘടനാ തലത്തിലും പൊലീസ് നിയമപരമായും നടപടികൾ കൈകൊള്ളണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
ഉച്ചക്ക് പ്രസ് ക്ലബ്ബിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കെ.യു.ഡബ്ല്യു. ജെ. സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം.ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാകേഷ്, സംസ്ഥാന സമിതി അംഗം ജിനേഷ് പുനത്ത്, സി.ആർ.രാജേഷ്, ബി.എസ്.മിഥില എന്നിവർ സംസാരിച്ചു.