കോഴിക്കോട്:ടൂറിസ രംഗത്ത് ഏറെ സാധ്യതകളുള്ളപ്പോഴും ആവ പ്രയോജനപ്പെടുത്തുന്നതിൽ മലബാർ മേഖലക്കുള്ള പിന്നോക്കാവസ്ഥ പരിഹരിച്ച് ലോക ടൂറിസം ഭൂപടത്തിൽ പ്രമുഖ സ്ഥാനം നേടുക എന്ന ലക്ഷ്യം കരസ്ഥമാക്കുവാനായി യോജിച്ചുള്ള പരിശ്രമം നടത്തുവാൻ മലബാർ മേഖലയിലെ പ്രമുഖ ടൂറിസം സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിലാണ് ഈ സംയുക്ത യോഗം ചേംബർ ഹാളിൽ ചേർന്നത്.
മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ മലബാർ ടൂറിസം കൗൺസിൽ, മലബാർ ടൂറിസം സൊസൈറ്റി, കോഴിക്കോട് അഗ്രോ ഫാം ടൂറിസം സൊസൈറ്റി, നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ, ഹോം സ്റ്റേ അസോസിയേഷൻ (ഹാറ്റ്സ്), കെ.എച്ച്.ആർ.എ, സർഗാലയ, കേരള ഫോക്‌ലോർ അക്കാദമി, കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ, ഡെസ്റ്റിനേഷൻ കോഴിക്കോട് സൊസൈറ്റി, വയനാട് ടൂറിസം ഓർഗനൈസേഷൻ, ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻ്റ് കൾച്ചറൽ ഹെറിറ്റേജ്, ബേക്കൽ റിസോർട്ട്സ് ഡവലപ്മെൻ്റ് കോർപ്പറേഷൻ, കാസർഗോഡ് ടൂറിസം അസോസിയേഷൻ, ഒളോപ്പാറ ബോട്ടിംഗ്, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ് അസോസിയേഷൻ, കണ്ണൂർ ജില്ലാ ട്രാവൽ ഏജന്റ്സ് അസോസിയേഷൻ തുടങ്ങി മലബാറിലെ എല്ലാ പ്രധാന ടൂറിസം സംഘടനകളും ചേർന്ന് തങ്ങളുടെ പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കും. ഈ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ മലബാർ ചേംബർ ഓഫ് കൊമേഴ്സിനെ ചുമതലപ്പെടുത്തി.
അന്താരാഷ്ട്ര ടൂറിസം മേളകളിൽ മലബാർ ടൂറിസത്തെ പരിചയപ്പെടുത്തുന്ന പവിലിയനുകൾ സ്ഥാപിച്ച് മലബാർ ടൂറിസത്തെ പരസ്യപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് ഈ മൂവ്മെൻ്റിലൂടെ ലക്ഷ്യമാക്കുന്നത്. മലബാറിലെ ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി അവയെക്കുറിച്ച് പഠിച്ച് ഓരോ കേന്ദ്രങ്ങളിലും ആവശ്യമായ വികസന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കി, സർക്കാരിൻ്റേതടക്കമുള്ള സഹായങ്ങളോടെ അവയോരോന്നും മികച്ച നിലവാരങ്ങളിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങളും നടത്തുന്നതാണ്.
മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ മലബാറിലെ എൻ.എ.എച്ച്.എം. അക്രഡിറ്റേഷൻ ഉള്ള ഹോസ്പിറ്റലുകൾ ഒരുമിച്ച് ചേർന്ന് മലബാറിന്റെ ഹെൽത്ത് ടൂറിസം രംഗത്തിൻ്റെ വികസനം ലക്ഷ്യമാക്കി മറ്റൊരു ഇനീഷ്യേറ്റീവിനും തുടക്കം കുറിച്ചിട്ടുണ്ട്.










