തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തില്ലെന്ന് ഓമ്‌നി ബസ് അസോസിയേഷൻ. കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് ബസുകൾ അതിർത്തിയിൽ നിർത്തിയിട്ടു. കേരള ഗതാഗത വകുപ്പ് തമിഴ് നാട്ടിൽ നിന്നും വരുന്ന ബസുകൾക്ക് മേൽ ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുന്നതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന 30 ലധികം ഓമ്‌നി ബസുകൾ പിടിച്ചെടുക്കുകയും 70 ലക്ഷം രൂപയോളം പിഴ ചുമത്തുകയും ചെയ്തിരുന്നു. കേരളത്തിലേക്കെത്തിയാൽ അവരുടെ ബസുകൾ കണ്ടുകെട്ടുമെന്ന ആശങ്കയിലാണെന്ന് ബസ് ഉടമകൾ പറയുന്നു. അതേ സമയം, ശബരിമല സീസൺ ആരംഭിക്കാനിരിക്കെ ഈ പ്രഖ്യാപനം ഭക്തർക്ക് ആശങ്ക പടർത്തുന്നതാണ്. തമിഴ്‌നാട്- കേരള ഉദ്യോഗസ്ഥർ ഈ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ഓമ്‌നി ബസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
ഇന്നലെ കൊച്ചിയിൽ റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ ബസുകൾകളെ കൊച്ചിയിൽ എംവിഡി തടഞ്ഞിരുന്നു. കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഇതര സംസ്ഥാന ബസുകളെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. വാഹനങ്ങൾക്കെതിരെ വിവിധ നിയമലംഘനങ്ങൾക്ക് കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിൽ പോലും, സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിൽ അതാത് റോഡ് നികുതി അടയ്ക്കണമെന്ന നിയമം പല ബസുകളും ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി. നികുതി വെട്ടിപ്പിന് പുറമെ, അമിതവേഗം, എയർ ഹോൺ ഉപയോഗം, നമ്പർ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ മറ്റു ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി മദ്ധ്യമേഖല, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ നിർദ്ദേശപ്രകാരം എറണാകുളം ആർ.ടി.ഒ, എൻഫോഴ്സ്മെന്റ് ആർ ടി ഒ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു










