മലപ്പുറം; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കോടിയോളം വില വരുന്ന 4.7 കിലോ സ്വര്‍ണമിശ്രിതമാണ് മൂന്ന് യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത്.
ബഹ്റൈനില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഹനീഫയില്‍ നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് 2.2 കിലോ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.
എയര്‍ അറേബ്യ വിമാനത്തില്‍ വന്നിറങ്ങിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍ നിന്ന് 2.5 കിലോ സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു. പാന്റ്സിലെ രഹസ്യ അറകളില്‍ തുന്നിപ്പിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍ നിന്ന് 355 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ഡി.ആര്‍.ഐയ്ക്കും കസ്റ്റംസിനും ഇതു സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണം പിടികൂടിയത്. ഒരു എയര്‍ ഹോസ്റ്റസില്‍നിന്നും കഴിഞ്ഞദിവസം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരാനാണ് തീരുമാനം.