കോഴിക്കോട് : കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ ജി. എം. സി. ടി. എ ) ഈ വർഷത്തെ പ്രൊഫ.ജെ.എസ്. സത്യ ദാസ് സ്മാരക ഒറേഷൻ പുരസ്ക്കാരത്തിനു ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ പി എസ് ഷാജഹാൻ അർഹനായി. കെ. ജി. എം. സി.ടി.എ യുടെ പ്രഥമ പ്രസിഡണ്ടും കോട്ടയം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവിയും സൂപ്രണ്ടുമായിരുന്നു പ്രൊഫ. സത്യ ദാസ് .
ഒക്ടോബർ 25 നു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന സംഘടനയുടെ 58 ാമതു സംസ്ഥാന വാർഷിക സമ്മേളനത്തിൽ വെച്ച് ‘ആരോഗ്യകരമായ ജീവിതത്തിനു ആരോഗ്യകരമായ ശ്വാസകോശങ്ങൾ’ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി.
വായു മലിനീകരണം കുറയ്ക്കുക, പുകവലി ഒഴിവാക്കുക , സമീകൃത വ്യായാമങ്ങൾ ശീലമാക്കുക, അണുബാധകൾക്കെതിരേ വാക്സിനുകൾ എടുക്കുക, കാലാവസ്ഥ വ്യതിയാനങ്ങൾ തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നീ അഞ്ചിന പരിപാടികളിലൂടെ ശ്വാസകോശാരോഗ്യം സംരക്ഷിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വർധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങളുടെ പാശ്ചാത്തലത്തിൽ ശ്വാസകോശങ്ങളെ അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ മുതിർന്നവരെ ലക്ഷ്യമാക്കിയുള്ള സാർവത്രിക സൗജന്യ വാക്സിനേഷൻ പദ്ധതിക്ക് തുടക്കം കുറിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
കേരള ആരോഗ്യ സർവ്വകലാശാലയുടെ പ്രഥമ സെനറ്റ് അംഗമായിരുന്ന ഷാജഹാൻ ശ്വാസകോശ വിദഗ്ദരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിലുടനീളം രാഹുൽ ഗാന്ധിയെ അനുഗമിയ്ക്കാൻ കേരള ഗവൺമെന്റ് നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘത്തിന്റെ തലവനായിരുന്ന ഡോ. ഷാജഹാൻ റാന്നി പുറത്തേൽ റിട്ടയേർഡ് അധ്യാപകരായ പി.സി. സുലൈമാന്റേയും പി.എം. ബീവിയുടേയും പുത്രനാണ്. പത്തനംതിട്ട ജില്ലാ ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ ഷാമിലയാണു ഭാര്യ . സഫർ, ഡോ. സൈറ എന്നിവർ മക്കൾ.










