കോഴിക്കോട്: കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതി ദുർ ഭരണത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി സിറ്റി ജില്ലാ കമ്മറ്റി നടത്തുന്ന പഞ്ചദിന പ്രതിഷേധ മാർച്ച് നാലാ ദിനം പിന്നിട്ടു. മഹിളാ മോർച്ച ജില്ലാ അധ്യക്ഷ വിന്ധ്യ സുനിലിൻ്റെ നേതൃത്വത്തിൽ പുതിയ സ്റ്റാൻ്റ് പരിസരത്തുനിന്നും കനത്ത മഴയെ അവഗണിച്ച് പ്രകടനമായാണ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിനു മുന്നിലെത്തിയത്.
തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. കോർപ്പറേഷൻ ഓഫീസ് വളപ്പിൽ ചാടിക്കയറിയ പ്രവർത്തകരെ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പിടിവലിക്കിടയിൽ വനിതാ പ്രവർത്തകരുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. വിരലിലെണ്ണാവുന്ന വനിതാ പോലീസുകാർ മാത്രമാണ് സമരക്കാരെ നേരിടാൻ ഉണ്ടായത്.പുരുഷ പോലീസുകാർ ഷീൽഡ് ഉപയോഗിച്ച് പ്രവർത്തകർക്ക് നേരെ തിരിഞ്ഞതും ബഹളത്തിനിടയാക്കി.
തുടർന്നു നടന്ന പ്രതിഷേധ യോഗം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അഴിമതിയും കൊള്ളയും മുഖമുദ്രയാക്കിവരാണ് കേരളവും കോർപ്പറേഷനും ഭരിച്ചു കൊണ്ടിരിക്കുന്നത്. പ്രതികരിക്കേണ്ട പ്രതി പക്ഷം ഇവർക്ക് ഒത്താശ ചെയ്യുകയാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. സ്വർണ്ണം സി പി എമ്മിൻ്റെ വീക്ക് നസ്സാണ് അത് ശബരിമലയിലായാലും സാധാരണക്കാരൻ്റേതായാലും കണ്ണൂരിൽ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചോടിയത് ഒരു കൗൺസിലറാണെന്നും അദ്ധേഹം പറഞ്ഞു.പി.എം ശ്രീ പദ്ധതി പിണറായി ശ്രീയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.പി എം ശ്രീ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് കെ സി വേണുഗോപാൽ പറയുന്നത്. അതിന് അദ്ധേഹത്തിൻ്റെ അനുമതി വേണ്ട. ഇനി കേരളത്തിൽ കെ സി ഉണ്ടാകുമെന്ന് പറയുന്നു.ഉത്തരേന്ത്യ മുഴുവൻ കുട്ടിച്ചോറാക്കിയിട്ടാണ് കേരളത്തിലേക്ക് വരുന്നതെന്നും ബി ഗോപാലകൃഷ്ണൻ കുട്ടിച്ചേർത്തു.
ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി പ്രകാശ് ബാബു അധ്യക്ഷം വഹിച്ചു, മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് നവ്യ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.










