LatestPoliticsSabari mala News

കേരളത്തിൽ ചില സ്കൂളുകളിൽ ഗുരുപൂജയെ എതിർക്കുന്നത് ദൗർഭാഗ്യകരം; ഭാരതമാതാവിനെയും ഗുരുപൂജയെയും തള്ളിപ്പറഞ്ഞവർ ശബരിമല അയ്യപ്പന്റെ ഭക്തരായി നടിക്കുകയാണെന്നും ഗവർണർ

Nano News

കോഴിക്കോട്: ഭാരതമാതാവും ഗുരുപൂജയും രാഷ്ട്രീയമായ സങ്കല്പങ്ങളല്ലെന്നും സാംസ്ക്കാരികമായി ഏറെ ഔന്നത്യം പുലർത്തുന്ന കേരളത്തിൽ ചില സ്കൂളുകളിൽ ഗുരുപൂജയെ എതിർക്കുന്നത് നിർഭാഗ്യകരമാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭാരതമാതാവിനെയും ഗുരുപൂജയെയും തള്ളിപ്പറഞ്ഞവർ ഇപ്പോൾ ശബരിമല അയ്യപ്പന്റെ ഭക്തരായി നടിക്കുകയാണ്. ആർ എസ് എസിന്റെ ഭാഗമാണെന്നും സ്വയം സേവകനാണെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേസരി ഭവനിൽ നവരാത്രി സർഗോത്സവത്തിന്റെ നാലാം ദിവസത്തെ സർഗസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ എസ് എസിനോട് ഭാരതത്തിലെ മാധ്യമങ്ങൾ വളരെ മുമ്പ് തന്നെ അസ്പൃശ്യത വച്ചു പുലർത്തി. ഗുരുജി ഗോൾവൽക്കർ കോഴിക്കോട്ടെത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം ഒരു വരി പോലും റിപ്പോർട്ട് ചെയ്യാൻ ഇവിടെയുള്ള മാധ്യമങ്ങൾ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ എല്ലാവരും പങ്കാളികളാകണം. 2047 ഓടെ വികസിത ഭാരതം യാഥാർത്ഥ്യമാകും എന്നത് പ്രധാനമന്ത്രിയുടെ സ്വപ്നം മാത്രമല്ല, നാമോരുരുത്തരും പങ്കുചേർന്ന് സാക്ഷാത്കരിക്കേണ്ട ഒന്നാണ്. പ്രധാനമന്ത്രി പറഞ്ഞ ആത്മനിർഭര ഭാരതം സ്വദേശി ചിന്തയിലൂടെ കൈവരിക്കാം. ഭാരതത്തിന്റെ കുടുംബ സമ്പദ് വ്യവസ്ഥയിലാണ് വികസിത ഭാരതത്തിന്റെ അടിസ്ഥാനം. സ്വദേശി ഉത്പന്നങ്ങളുടെ സാർവ്വത്രികമായുള്ള ഉപയോഗത്തിലൂടെ നമുക്ക് വികസിത രാജ്യമാകാനും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനും സാധിക്കുമെന്നും ഗവർണർ പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വം ഭാരതീയമായ സമ്പദ് വ്യവസ്ഥയെ സ്വീകരിക്കുന്നതിന് പകരം മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ വൈദേശിക സാമ്പത്തിക സമീപനങ്ങളെ സ്വീകരിച്ചു. നമ്മുടെ സംസ്കാരവും ഭൗതികവിജ്ഞാനവും ഉൾക്കൊണ്ടില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് ദീൻദയാൽ ഉപാധ്യായ ഏകാത്മമാനവ ദർശനം എന്ന സമഗ്ര മാനവചിന്ത മുന്നോട്ടു വച്ചത്. സാമ്പത്തിക രംഗത്ത് മാത്രമല്ല, സാമൂഹ്യവും സാംസ്കാരികവുമായ എല്ലാ രംഗങ്ങളിലും സ്വദേശി സങ്കൽപം ഉണ്ടായാൽ മാത്രമേ ഭാരതം വികസിതമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

 

കെ എസ് വിനീതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്ക്കാരം
ഗൈനക്കോളജിസ്റ്റും മലബാർ ഹോസ്പിറ്റൽ എംഡിയുമായ ഡോ. മിലി മോനിക്ക് ഗവർണർ സമ്മാനിച്ചു. ശ്രേഷ്ഠാചാര സഭ ആചാര്യൻ എം. ടി. വിശ്വനാഥൻ ആശംസയർപ്പിച്ചു. സർഗോത്സവ സാമ്പത്തിക സമിതി കൺവീനർ ടി വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.


Reporter
the authorReporter

Leave a Reply