കോഴിക്കോട്: ഒക്ടോബർ ഒന്ന് മുതൽ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്കവേറ്റർ ബാക്ഹോ, ക്രെയിൻ, ടിപ്പർ മുതലായ വാഹനങ്ങളുടെ വാടക നിരക്കിൽ 10% മുതൽ 20% വരെ വർധനവ് വരുമെന്ന് കൺസ്ട്രക്ഷൻ എക്വിപ്‌മെൻ്റ്സ് ഓണേഴ്‌സ് അസ്സോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഈ തൊഴിൽ മേഖല സംജാതമായിട്ട് 30 വർഷം ആയെങ്കിലും അന്നുണ്ടായിരുന്ന നിരക്കിൽ തന്നെയാണ് വാഹനങ്ങൾ ഇപ്പോഴും ഓടുന്നത്. വാഹന വിലയും മറ്റു അനുബന്ധ സാമഗ്രികളുടെ വിലയും സ്പെയർ പാർട്‌സും ടയറും ഡീസൽ വിലയും മറ്റും 10 മടങ്ങ് വർധിച്ചതിനാൽ വാടക വർധിപ്പിക്കാതെ ഈ മേഖല മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്.
നിർമാണ മേഖലയിലെ അസംസ്കൃത സാധനങ്ങളുടെ വിലയും തൊഴിലാളികളുടെ വേതനവും ഈ കാലയളവിൽ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.
വാഹനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള നിയന്ത്രണങ്ങളും അടിക്കടിയുള്ള പിഴ ചുമത്തലുകളും ഓടുന്നതിലെ സമയനിയന്ത്രണവും ഒക്കെ തന്നെ ഈ മേഖലയുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രസ്തുത കാര്യങ്ങൾ കണക്കിലെടുത്ത് വാടക വർധനവ് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ സംസ്ഥാനമൊട്ടാകെയുള്ള വാഹനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വാടക ക്രമികരിച് മറ്റു മേഖലകളെ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വാർത്ത സമ്മേളനത്തിൽ സമീർ ബാബു സി.പി. ജനറൽ സെക്രട്ടറി സംസ്ഥാന കമ്മറ്റി, വിൻസ് മാത്യൂ വിലങ്ങുപാറ പ്രസിഡൻ്റ് കോഴിക്കോട് ജില്ല. അബ്ദുറഹ്മാൻ കുന്നുമ്മൽ ജില്ലാ സെക്രട്ടറി കോഴിക്കോട് ജില്ല, രാജൻ തോട്ടത്തിൽ ട്രഷറർ, സിംജിത്ത് പി. ഐഡിയൽ സംസ്‌ഥാന കമ്മറ്റി അംഗം തുടങ്ങിയവർ പങ്കെടുത്തു