General

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം


മാനന്തവാടി: വയനാട്ടില്‍ രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ കൊല്ലുന്നതിനെ ചൊല്ലി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കടുവയെ പിടികൂടാന്‍ വനംവകുപ്പ് ആത്മാര്‍ഥമായി ശ്രമിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെ രാത്രിയിലും കടുവ ഒരു വളര്‍ത്തുനായയെ കൊന്നു. കടുവയെ പിടികൂടാനായി ഒരു കൂട് മാത്രമാണ് സ്ഥാപിച്ചത്.

പിടികൂടാന്‍ സ്ഥാപിച്ച കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ജനങ്ങളെ പറ്റിക്കുകയാണ് ചെയ്തത്. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

നാട്ടുകാരും എസ്റ്റേറ്റ് തൊഴിലാളികളും ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കുകയാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം വേണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം.

അതിനിടെ രാധയുടെ മൃതദേഹം സംസ്‌കരിച്ചു. വീടിനു സമീപത്തെ സമുദായ ശ്മശാനത്തിലാണു മൃതദേഹം സംസ്‌കരിച്ചത്. 11 മണിയോടെയാണു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭാ പരിധിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുകയാണ്.


Reporter
the authorReporter

Leave a Reply