Wednesday, January 22, 2025
Politics

കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം; ജനുവരി 15 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാൽ നി‍ർദ്ദേശിച്ചു


കൽപ്പറ്റ: ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൻ നിർദ്ദേശം നൽകി കോടതി. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റെയും എംഎൽഎ ഐ സി ബാലകൃഷ്ണൻ്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നി‍ർദ്ദേശം. ഇവർ ഇരുവർക്കും കെകെ ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

കേസിൽ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് ഇതിനെതിരെ കോടതി നിർദ്ദേശം നൽകിയത്. കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം ഐസി ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎൽഎയെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. പൊലീസ് ഇതുവരെ അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ എൻ എം റഷീദ് പറഞ്ഞു.

കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളും വയനാട്ടിലില്ലെന്ന വിവരത്തിന് പിന്നാലെയാണ് കോടതി നിർദ്ദേശം വന്നത്. അതേസമയം വിഷയം വയനാട് കോൺഗ്രസിൽ വൻ പ്രതിസന്ധിക്ക് കാരണമായി. പ്രബലരായ രണ്ട് നേതാക്കൾ പ്രതികളായതോടെ രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്യാൻ യോഗം വിളിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയിലാണ് ഡിസിസി ഓഫീസ്. കുറ്റാരോപിതരെ പ്രതിരോധിക്കാതെ കോൺഗ്രസിലെ ഒരു വിഭാഗം മാറിനിൽക്കുകയാണ്. സംഭവത്തിൽ പ്രിയങ്ക ഗാന്ധിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വിജയൻ്റെ മരണത്തിലും വയനാട് എംപി പ്രതികരിച്ചിട്ടില്ല.


Reporter
the authorReporter

Leave a Reply