കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ജില്ലയിൽ കർശന നടപടി തുടങ്ങി. മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും തദ്ദേശ സ്ഥാപനതല സ്ക്വാഡുകളുടെയും പരിശോധനയാണ് കർശനമാക്കിയത്.
കോഴിക്കോട് അസി. കലക്ടർ ആയുഷ് ഗോയലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടറേറ്റും ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡും തിങ്കളാഴ്ച വലിയങ്ങാടിയിൽ നടത്തിയ പരിശോധനയിൽ 2500 കിലോയിലധികം പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി. വലിച്ചെറിയൽ വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
തുടർദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന തുടരുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ എം. ഗൗതമൻ അറിയിച്ചു.
പരിശോധന സംഘത്തിൽ തദ്ദേശ വകുപ്പ് അസി. ഡയറക്ടർ പൂജ ലാൽ, ജില്ല എൻഫോഴ്സ്മെന്റ് ലീഡർ ഷീബ, കോർപറേഷൻ ആരോഗ്യ സൂപ്പർവൈസർ ജീവരാജ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബൈർ, ബിജു, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥർ, എൻഫോഴ്സ്മെന്റ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.