തിരൂർ: കൗണ്ടറിൽ കാശുവാങ്ങാനും അതിഥിത്തൊഴിലാളിയോ എന്നു സംശയിച്ചു. അപ്പോൾ അക്രം തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് തലയുയർത്തിപ്പറഞ്ഞു. ‘അമീ ഹോട്ടലേർ മാലിക്”. മനസ്സിലായോ, ഞാനാണ് ഈ ഹോട്ടലിന്റെ മുതലാളീന്ന്.
ആളൊരു ബംഗാളി. ഇപ്പോൾ അസ്സലൊരു മുതലാളി. പതിനഞ്ചുവർഷത്തോളം ഇവിടെ ചോരനീരാക്കിയ സമ്പാദ്യംകൊണ്ട് പശ്ചിമബംഗാളിലെ ബർദ്വാൻ സ്വദേശി അക്രം തുടങ്ങിയതാണ് ‘ഇമ്രാൻ കൊൽക്കത്ത ഹോട്ടൽ ആൻഡ് റെസ്റ്ററന്റ്സ്’. മലയാള ഭാഷാപിതാവിന്റെ മണ്ണിൽ പക്കാ ബംഗാളി സ്റ്റൈൽ ഭക്ഷണം. ഉടമ മാത്രമല്ല തൊഴിലാളികളും ബോർഡും മെനുവുമൊക്കെ ബംഗാളിയിൽ. ഭക്ഷണം കഴിക്കാൻ വരുന്നവരും ബംഗാളികൾ.
തിരൂർ ബസ്സ്റ്റാൻഡ്-ചെമ്പ്ര റോഡിൽ കോട്ട് എ.എം.യു.പി. സ്കൂളിനു സമീപമാണ് ഇമ്രാൻ കൊൽക്കത്ത ഹോട്ടൽ. ബംഗാളിൽനിന്ന് കെട്ടിടനിർമാണ തൊഴിലാളിയായാണ് അക്രം തിരൂരിലെത്തിയത്. ഇടയ്ക്ക് തൊഴിലാളികളുടെ മെസ്സിൽ ഭക്ഷണമുണ്ടാക്കി കൊടുക്കും. ഇതിനിടെയാണ് തന്റെ നാട്ടുകാർക്ക് അവരുടേതായ ഭക്ഷണമുണ്ടാക്കിക്കൊടുക്കണമെന്നും അതിനായി ബംഗാളി ഹോട്ടൽ തുടങ്ങണമെന്നും ആഗ്രഹംതോന്നിയത്.
മൂന്നുലക്ഷം രൂപയോളമായി ഹോട്ടലിന് മുടക്ക്. ഇത്രകാലം ഇവിടെ ജോലിചെയ്തു സ്വരുക്കൂട്ടിയ ഒന്നരലക്ഷം രൂപ തന്റെ ‘സ്റ്റാർട്ടപ്പി’ൽ നിക്ഷേപിച്ചു. ബാക്കി പണത്തിന് കുറേ അലഞ്ഞു. മറുനാട്ടുകാരനായതിനാൽ ആരും കടം നൽകിയില്ല. ഒടുവിൽ ബംഗാളിൽനിന്ന് പിതാവ് സലാം ബാക്കി തുക വായ്പയെടുത്തുനൽകി.
ബംഗാളി ചായ, ബംഗാളി സമൂസ, ബംഗാളി മസാല ബോണ്ട, ബംഗാളി ബിരിയാണി, ബംഗാളി ബീഫ്, ചിക്കൻ കറി അങ്ങനെ ഇവിടെയെല്ലാം ബംഗാളിയാണ്. ബസുമതി അരികൊണ്ടാണ് ബിരിയാണി. ചിക്കൻ ബിരിയാണിക്ക് 100 രൂപയും ബീഫ് ബിരിയാണിക്ക് 120 രൂപയുമാണ് വില. ബംഗാളി പൊറാട്ട ഉടൻ തുടങ്ങും. ദിവസവും നൂറുവരെ അതിഥിത്തൊഴിലാളികൾ ഇവിടെ എത്തുന്നുണ്ട്. ഭാര്യ ഹരീദയും സഹായത്തിനുണ്ട്.