കോഴിക്കോട് :ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ നാലാം സീസണോടനുബന്ധിച്ച് സംഘടിപ്പിച്ച മിനി മാരത്തോണിൽ ആയിരങ്ങൾ പങ്കെടുത്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും മാരത്തോണിന്റെ ഭാഗമായി. മാരത്തോണില് പങ്കെടുക്കുന്ന വീഡിയോ ഇന്നു രാവിലെ തന്നെ ഓട്ടമാണ്. എന്ന തലക്കെട്ടോടെ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഡിസംബര്‍ 27, 28, 29 തിയതികളിലായി നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം 27-ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എം.കെ. രാഘവന്‍ എംപി, മേയര്‍ ബീന ഫിലിപ്പ് വിശിഷ്ടാതിഥികളാകും. സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
വേദിയില്‍ ഉയര്‍ത്താനുള്ള പതാക കോഴിക്കോട് ബീച്ചില്‍ നിന്നും സൈക്ലിംഗിലൂടെ ബേപ്പൂര്‍ ബീച്ചിലെത്തിക്കും. ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉദ്ഘാടന ദിനം അരങ്ങേറും.
കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തു പകരുന്നതാണ് മലബാര്‍ ടൂറിസം വികസനം. അതിന്റെ ഭാഗമായാണ് മനോഹരമായ ബീച്ചുകളുള്ള ബേപ്പൂരില്‍ ജലകായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു വാട്ടര്‍ ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനമെടുത്തത്. ഈ ആശയം ജനങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ സംഘാടകരായി മുന്നോട്ടു വരികയും ചെയ്യുന്നതാണ് ആദ്യ വര്‍ഷം തന്നെ കാണാനായത്.