ന്യൂഡല്‍ഹി: പൊതുസംവിധാനങ്ങളുപയോഗിച്ച് ജനങ്ങളുടെ കഷ്ടപ്പാടിന്റെ വിലയില്‍ അന്യായ ലാഭമുണ്ടാക്കാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. സുസ്ഥിരമായ ടോള്‍ പിരിക്കല്‍ ഏകപക്ഷീയമാണെന്നും കോടതി പറഞ്ഞു.
ഡല്‍ഹി-നോയിഡ ഡയരക്ട് ഫ്ളൈവേയിലെ ടോള്‍ പിരിക്കല്‍ കരാര്‍ റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ നോയിഡ ടോള്‍ ബ്രിജ് കമ്പനി ലിമിറ്റഡിന്റെ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ നയങ്ങളും നടപടികളും പൊതുജനങ്ങളെ ആത്മാര്‍ഥമായി സേവിക്കുന്നതാകണമെന്ന് കോടതി പറഞ്ഞു. കേവലം സ്വകാര്യ സ്ഥാപനങ്ങളെ സമ്പന്നമാക്കരുത് എന്നതാണ് സുവര്‍ണതത്വം. വ്യക്തിയെയും സ്ഥാപനത്തെയും ജനങ്ങളില്‍നിന്ന് അനാവശ്യവും അന്യായവുമായ ലാഭം ഉണ്ടാക്കാന്‍ അനുവദിക്കാനാവില്ല. ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട് നോയിഡ ടോള്‍ ബ്രിജ് കമ്പനി ലിമിറ്റഡും സംസ്ഥാന അധികാരികളും തമ്മിലുണ്ടാക്കിയ കരാര്‍ അന്യായവും ഭരണഘടനാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ മറവില്‍ പൊതുജനങ്ങള്‍ക്ക് കോടികള്‍ പിരിവായി നല്‍കാന്‍ നിര്‍ബന്ധിതരാകേണ്ട സാഹചര്യമുണ്ടാകുന്നു. അതിനാല്‍ ടോള്‍ പിരിക്കാനുള്ള കരാര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ കുഴപ്പം കാണുന്നില്ല.
സംസ്ഥാനം പൊതുഫണ്ടുകളും പൊതു ആസ്തികളും അടങ്ങുന്ന പദ്ധതി ഏറ്റെടുക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാകരുത്. നീതിയുക്തവും സുതാര്യവും നന്നായി നിര്‍വചിക്കപ്പെട്ടതുമായിരിക്കണം. ഈ കരാറില്‍ അതുണ്ടായിട്ടില്ല. അതില്‍ സ്വകാര്യ കമ്പനിയുടെ ഭാഗത്തുനിന്ന് മാത്രമല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ക്രമക്കേടുണ്ടായിട്ടുണ്ട്. അധികാര ദുര്‍വിനിയോഗവും പൊതുവിശ്വാസ ലംഘനവും തങ്ങളെ ഞെട്ടിച്ചുവെന്നും ബെഞ്ച് പറഞ്ഞു.