കോഴിക്കോട്: കോഴിക്കോടിന്റെ ജല അറയായ കോട്ടുളി തണ്ണീര്‍ത്തടം സംരക്ഷിക്കുവാൻ ‘സരോവരം രക്ഷാമാർച്ച്’ എന്നപേരില്‍ ഈ മാസം 16ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ പ്രാധാന്യമുളള 27 തണ്ണീർത്തടപട്ടികയിൽ പ്രമുഖ സ്ഥാനത്തുള്ള കോഴിക്കോട് നഗരത്തിലെ ഏതാണ്ട് 250 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കോട്ടൂളി തണ്ണീർത്തടം നശിപ്പിക്കാൻ നിരന്തരം പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ തണ്ണീർത്തടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വളരെക്കാലം വെള്ളം സംഭരിച്ചു നിര്‍ത്തുന്നതും,മഴക്കാലത്ത് ഉണ്ടാകുന്ന അധിക വെള്ളം സംഭരിക്കാൻ പറ്റുന്നതും,സമീപ ഭൂഗർഭ ജലാശയങ്ങൾക്ക് റീചാര്‍ജ് ഉറവിടമായി വര്‍ത്തിക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന സസ്യ-ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രം ആണെന്നതാണ്.
കോഴിക്കോട് നഗരപരിധിയില്‍ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു തണ്ണീർത്തടമാണ് കോട്ടൂളിയിലേതെന്നും വി കെ സജീവൻ പറഞ്ഞു. തണ്ണീർത്തടവും ,കണ്ടൽക്കാടുകളും നശിപ്പിക്കാൻ അതിതീവ്രമായ ശ്രമങ്ങൾ പട്ടാപ്പകൽ അധികാരികളുടെ മുമ്പിൽ നടക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി നിൽക്കുകയാണ്. നിയമലംഘനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും നവംബർ 21ആം തീയതിയാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം.ഒരുതരത്തിലും ജെസിബിക്ക് എത്തിപ്പെടാൻ പറ്റാത്ത കണ്ടൽക്കാടുകളുടെയും വനങ്ങളുടെയും നടുക്ക് ജെസിബി എത്തിച്ച് അവിടെ കണ്ടൽക്കാടുകൾ നശിപ്പിച്ച് റോഡ് നിർമ്മാണം നടത്തുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അന്ന് അത് നാട്ടുകാർ തടഞ്ഞു ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി ജെസിബി ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. പക്ഷേ അതോടുകൂടി പ്രശ്നം അവസാനിച്ചില്ല. ഈ സ്ഥലം ആരുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് മഹസറിൽ ഉദ്യോഗസ്ഥന്മാർ രേഖപ്പെടുത്തിയിട്ടില്ല. ഇതാരുടെ പേരിലുള്ള സ്ഥലമാണെന്ന് പറയാൻ ഉദ്യോഗസ്ഥന്മാർ എന്തിനാണ് മടിക്കുന്നതെന്നും വി കെ സജീവൻ ചോദിച്ചു. അതുകഴിഞ്ഞ് വീണ്ടും ഡിസംബർ അഞ്ചിനും,പതിനൊന്നിനും മണ്ണിട്ട് നികത്തുന്നത് നാട്ടുകാർ തടയുന്നു. തണ്ണീര്‍ത്തടാകത്തിലേക്ക് മണ്ണുമാന്തിയിട്ട് സര്‍ക്കാരിനേയും ജനങ്ങളേയും വെല്ലുവിളിക്കുന്നവരെ നിലക്കു നിര്‍ത്തേണ്ടത് സമൂഹത്തിന്‍റെ ആവശ്യമായി വന്നിരിക്കുകയാണ്.കാലിക്കറ്റ് ട്രേഡ് സെന്റർ ഉൾപ്പെടെ സരോവര പരിസരത്ത് ഉണ്ടാക്കിയിട്ടുള്ളത് അനധികൃത കെട്ടിടങ്ങൾ ആണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഇപ്പോൾ കോർപ്പറേഷൻ അത് പൊളിച്ചു നീക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലും കെട്ടിട നിർമ്മാണത്തിന് അനുമതി ചോദിച്ചപ്പോൾ കോർപ്പറേഷൻ ഇവരുമായി ഒത്തു കളിച്ചു എന്നും വികെ സജീവൻ ആരോപിച്ചു. നിയമത്തിന്റെ മാർഗ്ഗത്തിലൂടെ രക്ഷപ്പെടാൻ ഇവരെ പരിശീലിപ്പിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഭരണകർത്താക്കൾ തന്നെയാണെന്നും വി കെ സജീവൻ പറഞ്ഞു. ഈ പ്രദേശം ഡാറ്റബാങ്കില്‍ തണ്ണീര്‍ത്തടവിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.കേരള സർക്കാർ 2008 ൽ പാസാക്കിയിട്ടുള്ള കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡി ലാന്‍ഡ് ആന്‍റ് വെറ്റ്ലാൻഡ് ആക്ട് പ്രകാരം ഇത്തരം ഭൂമിയിൽ നിന്നും മണ്ണെടുക്കാനോ മണ്ണ് കൊണ്ട് ഇടാനോ പാടുള്ളതല്ല. സമരസമിതിക്കാർക്ക് എല്ലാവിധ സഹായവും ഭാരതീയ ജനത പാർട്ടി ചെയ്തു കൊടുക്കും.
നാടിനെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്നവരെ കള്ളക്കേസില്‍ പെടുത്താനും,ഭീഷണിപ്പെടുത്താനും വരുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാം. ഇത്തരം ഭൂമാഫികളെ സംരക്ഷിക്കാൻ തയ്യാറാകുന്ന ഉദ്യോഗസ്ഥന്മാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്.സാധാരണക്കാർ എന്തെങ്കിലും നിയമലംഘനം നടത്തിയാൽ കേസെടുക്കാൻ തയ്യാറാകുന്ന ഉദ്യോഗസ്ഥന്മാർ എന്തുകൊണ്ട് ഇത്തരം ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ കേസെടുക്കാൻ തയ്യാറാവുന്നില്ല എന്നും വി കെ സജീവൻ ചോദിച്ചു. ജില്ലാ കളക്ടർ ഇതുവരെ ഇവിടെ സന്ദർശിച്ചിട്ടില്ല. ജില്ലാ കളക്ടർ അടിയന്തരമായി ഈ ഭൂമി സന്ദർശിക്കണം എന്നും കർശനമായ നടപടികൾ കളക്ടറുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും വി കെ സജീവൻ ആവശ്യപ്പെട്ടു. ഗുരുതരമായ പ്രകൃതിവിരുദ്ധ ചൂഷണം നടത്തിയിട്ടുള്ള ആളുകൾക്കെതിരെ ഡി എഫ് ഒ കേസെടുക്കാൻ തയ്യാറാകണം.
കാലിക്കറ്റ് ട്രേഡ് സെന്റർ അനധികൃതമായി നിർമ്മിച്ച കെട്ടിടമാണ് അവരുടെ പാർക്കിംഗ് ഉള്‍പ്പെടെ തണ്ണീർത്തടത്തിലാണ്. പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്‍കിയ കെട്ടിടത്തില്‍ എങ്ങിനെയാണ് ഇപ്പൊഴും പരിപാടികള്‍ക്ക് അനുമതി ലഭിക്കുന്നതെന്നും കോർപ്പറേഷൻ വ്യക്തമാക്കണമെന്നും വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍,ജില്ലാ വൈസ്പ്രസിഡന്‍റ് അഡ്വ.കെ.വി.സുധീര്‍,ജില്ലാ സെക്രട്ടറി ടി.റിനീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.