കോഴിക്കോട്: പൊലീസും മോട്ടോർ വാഹന വകുപ്പും ഒറ്റരാത്രി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 788 ഗതാഗത നിയമലംഘനം. 19,33,700 രൂപ പിഴ ചുമത്തുകയും ചെയ്തു.
നഗരത്തിലും നന്മണ്ട, കൊടുവള്ളി, ഫറോക്ക് സബ് റീജനൽ ട്രാൻസുപോർട്ട് ഓഫിസുകളുടെ പരിധിയിലും പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ചൊവ്വാഴ്ച രാത്രി ഏഴുമുതൽ ബുധനാഴ്ച പുലർച്ചെ മൂന്നുവരെനടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്.
മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുംവിധം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി ഓടിയ 172 വാഹനങ്ങൾ, രൂപമാറ്റം വരുത്തിയ 46 വാഹനങ്ങൾ, അമിതഭാരം കയറ്റിയ ഏഴ് വാഹനങ്ങൾ, ഫിറ്റ്നസ്, നികുതി, പെർമിറ്റ് ഇല്ലാത്ത 26 വാഹനങ്ങൾ എന്നിവക്കെതിരെയും, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച മൂന്നു പേർക്കെതിരെയും ലൈസൻസില്ലാതെ വാഹനം ഓടിച്ച 39 പേർക്കെതിരെയും മദ്യപിച്ച് വാഹനം ഓടിച്ച ഒരാൾക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.
വാഹനവുമായി ബന്ധപ്പെട്ട മറ്റു വിവിധ തരത്തിലുള്ള 486 നിയമ ലംഘനങ്ങളിലും ലൈസൻസ് സസ്പെൻഷൻ, പിഴ ചുമത്തൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചു.
കോഴിക്കോട് റീജനൽ ട്രാൻസ് പോർട്ട് ഓഫിസർ പി.എ. നസീറിന്റെയും കോഴിക്കോട് എൻഫോഴ്സ്മെൻറ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ സന്തോഷ് കുമാറിന്റെയും ഡി.ടി.സി സ്ക്വാഡിന്റെയും നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. അനുമോദ് കുമാർ, സി.പി. ശബീർ മുഹമ്മദ്, എം.കെ. സുനിൽ, സജു ഫ്രാൻസിസ്, സി.എം. അൻസാർ, ബ്രൈറ്റി ഇമ്മാനുവേൽ, കെ.ആർ. പ്രസാദ്, കെ.കെ. അജിത് കുമാർ, എം. ജിനേഷ് എന്നിവർ വിവിധ റൂട്ടുകളിലായാണ് രാത്രി വാഹന പരിശോധന നടത്തിയത്. ട്രാഫിക് നോർത്ത് അസി. കമീഷൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഒമ്പത് പൊലീസ് സ്ക്വാഡും ഇതിൽ പങ്കാളികളായി.













